മലപ്പുറം: ജില്ലയിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.
മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടലിൽ പൂർണമായി വീട് നഷ്ടപ്പെടുകയും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുകയും ചെയ്യുന്നവർ ജാഗ്രത പുലർത്തണം. പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കുക. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണം.
പ്രധാനപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
പൊതു നിർദ്ദേശങ്ങൾ
ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക
മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരുകാരണവശാലും പ്രചരിപ്പിക്കരുത്
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്
തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കിൽ മാറി താമസിക്കുക.
വീട്ടിൽ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക.
കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കാനായി മെയിൻ സ്വിച്ച് ഓഫാക്കുക
വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.