pv-anwar
pv anwar

മലപ്പുറം: പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കാൻ തുടങ്ങി. ഇന്നലെ ഏറനാട് തഹസിൽദാറുടെയും വിദഗ്ദ്ധസമിതിയുടെയും മേൽനോട്ടത്തിൽ മണ്ണുമാന്തി യന്ത്റങ്ങളുപയോഗിച്ച് തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ വഴിയൊരുക്കി.

മലയുടെ താഴ്ഭാഗത്തെ ആദിവാസി കോളനികൾക്ക് ഭീഷണിയാവാതെ വെള്ളം ഒഴുക്കാനാണ് ശ്രമം. തടയണ പൂർണ്ണമായും പൊളിക്കാൻ അഞ്ച് ദിവസമെടുക്കും. രണ്ടാഴ്ച്ചയ്ക്കകം പൊളിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മലപ്പുറം കളക്ടർക്ക് അന്തിമ നിർദ്ദേശം നൽകിയിരുന്നു.

ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് നിർമ്മിച്ചതെന്ന പെരിന്തൽമണ്ണ ആർ.ടി.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തടയണ പൊളിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.

വന്യജീവികളും ആദിവാസികളും കുടിനീരിനായി ആശ്രയിക്കുന്ന അരുവിയിലെ തടയണ പൊളിച്ച് സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നും ഹൈക്കോടതി നി‌ർദ്ദേശമുണ്ട്. പരിസ്ഥിതി ലോലപ്രദേശത്ത് തടയണ ഉരുൾപൊട്ടലുണ്ടാക്കാമെന്നും സ്ഥലത്തെ പരിസ്ഥിതി സംതുലനം തകർത്തെന്നും ദുരന്ത നിവാരണ സമിതി കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരിച്ച പശ്ചാത്തലത്തിലാണ് തടയണ പൊളിക്കണമെന്ന‌ ആവശ്യവുമായി ചിലർ ഹൈക്കോടതിയെ സമീപിച്ചത്.

കക്കാടംപൊയിലിലെ പി.വി. അൻവറിന്റെ വാട്ടർതീം പാർക്കിലേക്ക് വെള്ളമെത്തിക്കാൻ 2015ലാണ് തടയണ നിർമ്മിച്ചത്. പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചെന്ന പേരിൽ ഈ പാർക്കും വിവാദത്തിലാണ്. തടയണ ഉൾപ്പെടുന്ന സ്ഥലം തന്റെ ഉടമസ്ഥതയിലല്ലെന്നതിനാൽ വിവാദത്തിൽ മറുപടി പറയേണ്ടെന്ന നിലപാടിലാണ് പി.വി.അൻവർ.