കൊണ്ടോട്ടി: അബുദാബിയിൽ നിന്ന് 135 യാത്രക്കാരുമായി കരിപ്പൂരിൽ ലാൻഡ് ചെയ്‌ത ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് പരിഭ്രാന്തി പരത്തി. റൺവേ വിട്ട് ലീഡിംഗ് ലൈറ്റുകൾ തകർത്ത് നീങ്ങിയ വിമാനത്തിന്റെ രണ്ട് ചക്രങ്ങളും തകർന്നെങ്കിലും പൈലറ്റ് റൺവേയിലേക്ക് തിരിച്ചുകയറ്റിയതിനാൽ വൻ അപകടം ഒഴിവായി.

ഇന്നലെ പുലർച്ചെ 5.15 ന് ഇറങ്ങി യ ഇ.വൈ 250 വിമാനമാണ് അപകടത്തിൽ പെട്ടത്. 4.45നായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മഴമേഘങ്ങൾ മൂടിക്കെട്ടിയതിനാൽ 5.15നാണ് ലാൻഡ് ചെയ്തത്. റൺവേയുടെ കിഴക്കുഭാഗത്ത് ലാൻഡ് ചെയ്ത വിമാനം നേർരേഖ വിട്ട് വലതുവശത്തേക്ക് തെന്നിനീങ്ങി. റൺവേയുടെ വശങ്ങളിൽ സ്ഥാപിച്ച ലീഡിംഗ് ലൈറ്റുകൾക്ക് മുകളിലൂടെ കയറിയ വിമാനം 200 മീറ്ററോളം സഞ്ചരിച്ച ശേഷമാണ് റൺവേയിൽ തിരിച്ചു കയറിയത്. അഞ്ച് ലീഡിംഗ് ലൈറ്റുകളും വിമാനത്തിന്റെ വലതുവശത്തെ രണ്ട് ചക്രങ്ങളും തകർന്നു. പൈലറ്റിന് വിമാനം റൺവേയിൽ തിരിച്ചെത്തിക്കാനായതിനാൽ വൻദുരന്തം ഒഴിവായി. വിമാനം ഏപ്രണിൽ സുരക്ഷിതമായി എത്തിച്ച ശേഷം യാത്രക്കാരെ പുറത്തിറക്കി. അപകടത്തെ തുടർന്ന് എയർട്രാഫിക് കൺട്രോളിന്റെ നിർദ്ദേശപ്രകാരം ഫയർഫോഴ്‌സ് അടക്കമുളള മുഴുവൻ യൂണിറ്റുകളും റൺവേയിൽ എത്തിയിരുന്നു.
തകർന്ന ലൈറ്റുകൾ ഒരുമണിക്കൂറിനകം പുനഃസ്ഥാപിച്ചു. ചക്രങ്ങൾ പൊട്ടിയതിനാൽ 5.45ന് അബുദാബിയിലേക്ക് മടങ്ങേണ്ട വിമാനത്തിന്റെ യാത്ര റദ്ദാക്കി. 84 പേരാണ് ഈ വിമാനത്തിൽ തിരിച്ചുപോകേണ്ടിയിരുന്നത്. ഇതിൽ ഏതാനും പേരെ രാവിലെ ഒമ്പതിനുളള ഇത്തിഹാദിന്റെ രണ്ടാമത്തെ വിമാനത്തിൽ കൊണ്ടുപോയി. ശേഷിക്കുന്നവരെ മറ്റു വിമാനങ്ങളിലും അയച്ചു.