സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലാ മണ്ണ് പരിശോധന ലാബിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഉപകരണം അധികൃതരുടെ അനാസ്ഥയിൽ ഉപയോഗശൂന്യമായതോടെ മണ്ണ് പരിശോധന ഫലങ്ങൾ കെട്ടിക്കിടക്കുന്നു. മണ്ണിലെ ഘടകങ്ങൾ കണ്ടെത്താനായി അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച ഉപകരണമാണ് നശിച്ചത്. അറ്റകുറ്റപ്പണിക്കുള്ള ചെലവ് കണക്കിലെടുക്കുമ്പോൾ പുതിയ ഉപകരണം വാങ്ങുന്നതാവും ഉചിതമെന്നാണ് അധികൃതർക്ക് ലഭിച്ച വിദഗ്ദ്ധ മറുപടി. പത്ത് ലക്ഷം രൂപ മുതലാണ് ഉപകരണത്തിന് വില തുടങ്ങുന്നത്. അയൺ, കോപ്പർ, സിങ്ക്, മഗ്നീഷ്യം എന്നിവയുടെ അളവാണ് ഈ ഉപകരണം വഴി കണ്ടെത്തുന്നത്. നിലവിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങളെയാണ് പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. ഇതിനായി പ്രത്യേക ഫണ്ടും നൽകുന്നുണ്ട്. തിരക്ക് മൂലം ഇവിടെ നിന്ന് സമയബന്ധിതമായി റിപ്പോർട്ട് ലഭിക്കുന്നില്ല. മണ്ണിന്റെ പോഷകമൂല്യത്തിന് അനുസൃതമായി രാസവള ഉപയോഗം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങളടക്കം മന്ദഗതിയിലാണ്. മണ്ണിലെ 12 മൂലകങ്ങളുടെ സാന്നിദ്ധ്യം പരിശോധിച്ച് വേണം സോയിൽ കാർഡ് തയ്യാറാക്കാൻ. ഇതിൽ നാല് മൂലകങ്ങൾ പരിശോധിക്കാനുള്ള ഉപകരണമാണ് ജില്ലാ ലാബിൽ വെറുതെ കിടന്ന് നശിച്ചത്. കർഷകരിൽ നിന്നും മണ്ണു സാമ്പിളുകൾ ശേഖരിച്ച് സൂക്ഷ്മ മൂലകങ്ങൾ, അവശ്യ മൂലകങ്ങൾ, രാസ ഭൗതിക സ്വഭാവങ്ങൾ എന്നിവർ നിർണ്ണയിച്ച് പരിഹാരമാർഗ്ഗങ്ങളും ശുപാർശകളും രേഖപ്പെടുത്തിയാണ് കാർഡ് അനുവദിക്കേണ്ടത്.
കൃഷി കൂടുതൽ മെച്ചപ്പെടുത്താനും മണ്ണിന് ആവശ്യമായ തോതിൽ മാത്രം വളങ്ങൾ പരിമിതപ്പെടുത്താനും ഇതുവഴി സാധിക്കും. എന്നാൽ കഴിഞ്ഞ വർഷത്തെ മണ്ണ് പരിശോധന ഫലം പോലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ജില്ലയിൽ ഒരുവർഷം 5,625 സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ട്. ഇതുകൂടാതെ മണ്ണ് പരിശോധന ലാബിലേക്ക് നേരിട്ടും കൃഷിഭവനുകൾ മുഖേനയും പരിശോധനയ്ക്കായി സാമ്പിളുകൾ ലഭിക്കും.
വേണം അധിക തസ്തികകൾ
നാല് സയന്റിഫിക് അസിസ്റ്റന്റുമാരുടെ തസ്തികയുള്ളപ്പോൾ ഇതിൽ മൂന്നും ഒഴിഞ്ഞു കിടക്കുകയാണ്.
പരാതികൾ കുമിഞ്ഞുകൂടിയതോടെ താത്ക്കാലിക നിയമനം വഴി നികത്താൻ കഴിഞ്ഞ ദിവസം അധികൃതർക്ക് നിർദ്ദേശം ലഭിച്ചു.
ഒരാൾക്ക് ഒരുദിവസം പരമാവധി 6 സാമ്പിളുകളാണ് പരിശോധിക്കാനാവുക.
ബോറോൺ, സൾഫർ പോലുള്ളവയുടെ പരിശോധനയ്ക്ക് ഏറെ സമയം ആവശ്യമുണ്ട്.
ആകെ 12 ജീവനക്കാരാണ് ഇവിടെയുള്ളത്.
അധിക തസ്തികകൾ അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.