പൊന്നാനി: മാദ്ധ്യമ പ്രവർത്തകൻ കെ.വി. നദീറിന്റെ ലേഖന സമാഹാരം 'മനുഷ്യനുവേണ്ടി ഒരു വക്കാലത്ത് ' പുറത്തിറങ്ങുന്നു. പുസ്തകത്തിന്റെ പ്രകാശനം ഇന്ന് പൊന്നാനി റൗബ റസിഡൻസിയിൽ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പ്രകാശന ചടങ്ങ് പി.എസ്. സി ചെയർമാൻ അഡ്വ.എം കെ സക്കീർ ഉദ്ഘാടനം ചെയ്യും. റിപ്പോർട്ടർ ടി.വി മാനേജിംഗ് എഡിറ്റർ അഭിലാഷ് മോഹനൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. നിയമസഭ സ്പീക്കറുടെ പ്രസ് സെക്രട്ടറി ഡോ. പി.ജെ. വിൻസന്റ് മുഖ്യപ്രഭാഷണം നടത്തും. സൈകതം ബുക്‌സാണ് പ്രസാദകർ.
മനുഷ്യത്വത്തിനും മാനവികതയ്ക്കുമെതിരെ നടക്കുന്ന കടന്നുകയറ്റത്തെ ആസ്പദമാക്കിയുള്ള ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. ചുറ്റുപാടുകളിൽ നടക്കുന്ന മാനവിക വിരുദ്ധ ചെയ്തികളെ മനുഷ്യത്വവിചാരത്തിലൂടെ അവതരിപ്പിക്കുന്ന മുപ്പത്തിയഞ്ചോളം ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. മനുഷ്യ കേന്ദ്രീകൃതമായ മത, രാഷ്ട്രീയ, സാമൂഹ്യതയെ പുനർവായനക്ക് വിധേയമാക്കുന്നതാണ് പുസ്തകം.
മാദ്ധ്യമ പ്രവർത്തന രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കെ.വി. നദീറിന്റെ നാലാമാത്തെ പുസ്തകമാണിത്. കാഴ്ച്ചകളുടെ ചുറ്റുവട്ടം, സംഭവിച്ചത് അത്രയുമല്ല, ഇനിയും പറയാനുണ്ട് എന്നിവയാണ് മറ്റു പുസ്തകങ്ങൾ. മാദ്ധ്യമ രംഗത്തെ മികവിന് ഗൗരി ലങ്കേഷ് പ്രത്യേകമാദ്ധ്യമ പുസ്‌ക്കാരം, ശാന്താദേവി പുരസ്‌ക്കാരം, ടി.കെ. മുഹമ്മദ് പ്രഥമ മാദ്ധ്യമ പുരസ്‌കാരം, മലപ്പുറം പ്രസ് ക്ലബ്ബ് അവാർഡ്, കെ കെ രാജീവൻ സ്മാരക മാദ്ധ്യമ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.