മലപ്പുറം: വണ്ടൂർ വി.എം.സി ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പത്ത് കോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിക്കുന്നു. സ്റ്റേഡിയം നിർമിക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ രണ്ട് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഈ തുകക്ക് പുറമെ ജനപ്രതിനിധികളുടെ ഫണ്ടും സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, വിവിധ ക്ലബ്ബുകൾ തുടങ്ങിവയുടെയും സഹകരണത്തോടെ ആധുനിക രീതിയിൽ സ്റ്റേഡിയം നിർമിക്കാനാണ് പദ്ധതി. പതിനായിരം കാണികളെ ഉൾക്കൊള്ളും വിധം ഗ്യാലറിയും സജ്ജീകരിക്കും. സ്കൂൾ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ രൂപരേഖയനുസരിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്.
വണ്ടൂരിലെ ഫുട്ബോൾ പ്രേമികളുടെ ചിരകാലാഭിലാഷമാണ് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം എന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ മികച്ച സ്റ്റേഡിയം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു.
സ്റ്റേഡിയം നിർമിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർ വണ്ടൂരിൽ സന്ദർശനം നടത്തി. കായിക യുവജന കാര്യാലയം ചീഫ് എൻജിനീയർ ആർ.ബിജു, എക്സിക്യുട്ടീവ് എൻജിനീയർ അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. എ.പി അനിൽകുമാർ എം.എൽ.എ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ, ജനപ്രതിനിധികളായ അനിൽ നിരവിൽ, കാപ്പിൽ ജോയ്, സി.ടി ജംഷീർ ബാബു, കെ പ്രഭാകരൻ, ടി സതീഷ്, ഇ മുരളി, പി.ടി.എ പ്രസിഡന്റ് എ.കെ ശിഹാബുദ്ധീൻ, പ്രിൻസിപ്പൽ ഇ.ടി ദീപ എന്നിവരും ഉദ്യോഗസ്ഥരെ അനുഗമിച്ചു.