വളാഞ്ചേരി: തൂതപ്പുഴയിൽ അനധികൃത മീൻപിടുത്തം തകൃതി. മൽസ്യങ്ങളുടെ പ്രജനനകാലത്ത് മീൻ പിടിക്കരുതെന്ന നിർദ്ദേശം അവഗണിച്ചാണ് പുഴക്ക് കുറുകെ വലയിട്ട് മീൻ പിടുത്തം നടക്കുന്നത്. മഴ കാര്യമായി ലഭിക്കാത്തതിനെ തുടർന്ന് പുഴയിൽ വെള്ളം കുറവാണ്.
ഈ സാഹചര്യം മുതലെടുത്താണ് പുഴയുടെ ഒരു കരയിൽ നിന്നും മറ്റേ അറ്റംവരെ വലയിട്ട് മീൻ പിടിക്കുന്നത്. പ്രജനനകാലത്ത് മത്സ്യങ്ങൾ വയലുകളിലേക്കും തോടുകളിലേക്കും കയറാറുണ്ട്. എന്നാൽ മത്സ്യങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടുത്തുന്ന രീതിയിലാണ് പലയിടങ്ങളിലായി പുഴക്ക് കുറുകെ വലയിട്ടിരിക്കുന്നത്. ഇരിമ്പിളിയം പമ്പ് സമീപം മുതൽ കണക്കർക്കാവ് കടവ് വരെയുള്ള ഭാഗങ്ങളിൽ മൂന്നിടങ്ങളിലായാണ് ഇത്തരത്തിൽ വലയിട്ടിരിക്കുന്നത്.
വലിയ തറികളിൽ പല വലിപ്പത്തിലുള്ള കണ്ണികളുള്ള വളകൾ ഒരു സ്ഥലത്ത് തന്നെ ഇട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വലുതും ചെറുതുമായ മുഴുവൻ മത്സ്യങ്ങളും വലയിലകപ്പെടും. കൂടാതെ വലയുടെ ഒരറ്റത്ത് കുരുതി സ്ഥാപിച്ചതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെട്ട പോകാനും കഴിയാത്ത സ്ഥിതിയുണ്ട്.
പുഴയിൽ വെള്ളം കൂടിയാലും മീൻ കിട്ടുന്ന രീതിയിൽ കരയിലേക്ക് കയറ്റിയാണ് തറികൾ സ്ഥാപിച്ച് വലയിട്ടിരിക്കുന്നത്. അനധികൃതമായ ഈ മത്സ്യവേട്ടയെ കുറിച്ച് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.