പൊന്നാനി: തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ഭരണഘടനയെയും നോക്കുകുത്തിയാക്കി ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് നരേന്ദ്ര മോദി സർക്കാർ നീങ്ങുന്നത് പാർലമെന്ററി സംവിധാനത്തെ ഇല്ലാതാക്കി പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് രാജ്യത്തെ മാറ്റാനും ഹിന്ദുത്വവൽകരണത്തിനുമാണന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ട് ദിവസങ്ങളിലായി പൊന്നാനിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികതക്ക് മേലുള്ള വർഗീയതയുടെ വിജയം താൽക്കാലികമാണ് പട്ടിണിയും തൊഴിലില്ലാഴ്മയും കൂടി വരുമ്പോൾ അധികാരത്തിലേറാൻ വംശീയതയെ കൂട്ട് പിടിക്കുകയാണ്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും നടക്കുന്ന ഈ പ്രതിഭാസമാണ് ഇന്ത്യയിലും നടക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിക്കേണ്ടത് ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകളുടെ ഉത്തരവാദിത്വമാണ്. ആഗോളവത്കരണത്തിന്റെ കടന്നുകയറ്റം വിദ്യഭ്യാസകച്ചവടത്തിനും വേദിയായി വിദ്യഭ്യാസം സംരക്ഷിക്കാൻ വേണ്ടി ആദ്യം നടന്ന രക്തസാക്ഷിത്വം കൂത്ത്പപറമ്പ് രക്തസാക്ഷിത്വമാണന്നും റിയാസ് പറഞ്ഞു. ഈശ്വരമംഗലം ന്യൂ യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ ശ്യം പ്രസാദ് അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി കെ മുബഷിർ, സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധീഖ്, ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ധീൻ എന്നിവർ സംസാരിച്ചു. ഷിനീഷ് കണ്ണത്ത് സ്വാഗതവും, പി കെ ഷരീഫ് നന്ദിയും പറഞ്ഞു. തുടർന്ന് മാദ്ധ്യമങ്ങളുടെ വർത്തമാനം എന്ന വിഷയത്തിൽ മാദ്ധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ, ഇന്ത്യ ചരിത്രം ദേശീയത എന്ന വിഷയത്തിൽ അനിൽ ചേലേമ്പ്ര, വർത്തമാനം ഇന്ത്യയും ഇടതുപക്ഷവും എന്ന വിഷയത്തിൽ പ്രൊഫ.എം.എം നാരായണനും ക്ലാസ് എടുത്തു. പി.കെ മുബഷിർ സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലയിലെ പതിനേഴ് ബ്ലോക്കുകളിൽ നിന്നായി 200 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.