മലപ്പുറം: മലപ്പുറത്തോട് ഇടതുസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സാധ്യമാകുന്ന അധിക ബാച്ചുകൾ അനുവദിക്കണമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. എം.എസ്.എഫ് ലോംഗ് മാർച്ച് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് മാത്രമാണ് ജില്ലയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുന്നത്. എൽഡിഎഫ് ഭരണകാലത്തുണ്ടാകുന്ന വിടവാണ് ജില്ലയെ ഇത്രയും പിറകോട്ടടിപ്പിക്കുന്നത്. ജില്ലയുടെ ആവശ്യങ്ങൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ സർക്കാറിനാവില്ലെന്നും പ്രക്ഷോഭങ്ങൾ തെരുവിൽ മാത്രമല്ല നിയമസഭയിലും സർക്കാറിനെ അലോസരപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുൽപറ്റ അദ്ധ്യക്ഷത വഹിച്ചു. ലോംഗ് മാർച്ചിന്റെ ഫ്ലാഗ് ഓഫ് കർമ്മം എടരിക്കോട് വെച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുൽപറ്റക്ക് നൽകി നിർവ്വഹിച്ചു.
സമാപന സമ്മേളനത്തിൽ കെ.പി.എ മജീദ്, പികെ ഫിറോസ് മുഖ്യപ്രഭാഷണം, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലി, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: യുഎ ലത്തീഫ്, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ടിവി ഇബ്രാഹിം എംഎൽഎ, പി ഉബൈദുല്ല എംഎൽഎ, മുസ്ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.