പൊന്നാനി : കർമ്മ റോഡിൽ കാർ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് മറിഞ്ഞു. സ്ത്രീകളും കുട്ടിയുമടക്കം നാല് യാത്രക്കാരെ ഓട്ടോഡ്രൈവറും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
പൊന്നാനിയിൽ നിന്ന് തിരൂരിലേക്ക് പോയിരുന്ന നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. കമ്മറോഡിലുള്ള ബ്ലൂ ബേർഡ്സ് ക്ലബിന് മുൻവശമാണ് സംഭവമുണ്ടായത്. പൊന്നാനി സ്വദേശി മുഹമ്മദ് നവാസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. പുഴയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും മുങ്ങി. തത്സമയം ഇതുവഴി വരികയായിരുന്ന ഓട്ടോഡ്രൈവർ വിനോദും സുഹൃത്തുക്കളും നാട്ടുകാരും പുഴയിലേക്ക് എടുത്ത് ചാടി കാറിലുണ്ടായിരുന്നവരെ കരയ്ക്ക് കയറ്റുകയായിരുന്നു. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പുഴയോരത്തെത്തിയത്. വൈകുന്നേരത്തോടെ ക്രെയിൻ ഉപയോഗിച്ചാണ് കാർ പുഴയിൽ നിന്നും പൊക്കിയെടുത്തത്. നാലര കിലോമീറ്ററോളം ദൈർഘ്യം വരുന്ന കർമ്മറോഡിന് ഉടൻ സംരക്ഷണ ഭിത്തി കെട്ടണമെന്ന് കരുണാകരൻ സ്റ്റെഡി സെന്റർ പ്രസിഡന്റ് എ.പവിത്രകുമാർ ആവശ്യപ്പെട്ടു.