പൊന്നാനി: പത്ത് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ചിട്ടും, വാസയോഗ്യമല്ലാതെ കിടക്കുന്ന പൊന്നാനി ഫിഷർമെൻ കോളനിയുടെ ദുരവസ്ഥയ്ക്ക് ശാപമോക്ഷമാവുന്നു.പദ്ധതിക്കായി വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ലഭിച്ച സാഹചര്യത്തിലാണ് ഫിഷർമെൻ കോളനി വാസയോഗ്യമാക്കാനുള്ള നടപടികളാരംഭിച്ചത്. ഇതിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയായ മാങ്ങാട്ട് ഫൗണ്ടേഷൻ പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണം, നിലവിലെ വീടുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തി വാസയോഗ്യമാക്കൽ, നിലവിലെ വീടുകൾക്ക് പുറമെയുള്ള സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയ നിർമ്മാണം തുടങ്ങിയ മൂന്ന് കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി വീടുകൾ താമസയോഗ്യമാക്കാനാണ് പ്രാഥമികതീരുമാനം.എന്നാൽ ഇക്കാര്യങ്ങൾ വിശദമായി പഠിച്ചതിന് ശേഷമേ പ്രായോഗിക നടപടികളിലേക്ക് നീങ്ങുകയുള്ളൂ. കൂടാതെ നേരത്തെ ഡി.എം.ആർ.സി.സംഘം സ്ഥലത്തെത്തി തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ടും പഠിച്ച് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്താനും തീരുമാനമുണ്ട്.ഒരു മാസത്തിനകം കമ്പനിയുടെ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷമായിരിക്കും നിർമ്മാണം ആരംഭിക്കുക. സർക്കാറിന്റെ പുതിയ ഭവന പദ്ധതികളിൽ ഫിഷർമെൻ കോളനിയെ ഉൾപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്താൻ തീരുമാനിച്ചത്.
പത്ത് വർഷം മുമ്പ് കേന്ദ്ര സർക്കാറിന്റെ ഐ.എസ്.ഡി.പി.പദ്ധതിയിൽ കോടികൾ ചെലവിട്ട് നിർമ്മിച്ച ഫിഷർമെൻ കോളനി അസൗകര്യങ്ങൾ മൂലം താമസയോഗ്യമല്ലാതായി കിടക്കുകയാണ്. ഇതിനിടെ മാറി മാറി വന്ന സർക്കാറുകൾ ഫിഷർമെൻ കോളനി പുനരുദ്ദീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതെല്ലാം പാഴ്വാക്കായി മാറി. ഒന്നര വർഷം മുമ്പ് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്സികുട്ടിയമ്മ കോളനി സന്ദർശിച്ച് പുനർനിർമ്മാണ പ്രവൃത്തികൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും യാഥാർത്ഥ്യമായില്ല. എന്നാൽ പദ്ധതി യാഥാർത്ഥ്യമാക്കാനായി സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മന്ത്രി മേഴ്സിക്കുട്ടിയമ്മയും നിരന്തരം യോഗങ്ങൾ വിളിച്ചു ചേർത്തതിനെത്തുടർന്നാണ് സ്വകാര്യ കമ്പനികളുടെ സഹായത്തോടെ വീടുകൾ പുനർനിർമ്മിക്കാൻ ധാരണയായത്. ഇപ്പോൾ പല വീടുകളും തകർന്ന നിലയിലാണ്.