മലപ്പുറം: അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ മൂന്ന് വാഹനങ്ങൾ മലപ്പുറം അഗ്നിരക്ഷാസേനക്ക് സ്വന്തമായി. വാട്ടർ ബൗസർ, ഫോം ടെൻഡർ, ക്യു ആർ വി ഫയർ ട്രക്ക് എന്നിവയാണ് മലപ്പുറത്തെത്തിയത്. മൂന്ന് വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് പി ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു.
വർദ്ധിച്ചു വരുന്ന തീപ്പിടിത്തങ്ങളുടെ ആഘാതം കണക്കിലെടുത്ത് രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദവും വിജയകരവുമാക്കാൻ പര്യാപ്തമായ വാഹനങ്ങൾ വേണമെന്നതിനാലാണ് പുതിയ വാഹനങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.
നിലവിലെ വാഹനത്തിനേക്കാൾ മൂന്നിരട്ടി വെള്ളം വാട്ടർ ബൗസറിൽ സംഭരിക്കാം.നിലവിൽ 3,000 മുതൽ 4,500 ലിറ്റർ വരെയാണ് സംഭരണ ശേഷി. വാട്ടർ ബൗസറിൽ ഇത് 12,000 ആണ്. വെള്ളം ചീറ്റി തീകെടുത്താൻ ബുദ്ധിമുള്ള സമയത്താണ് ഫോം ടെൻഡർ ഉപയോഗിക്കുക. ഇന്ധനം പോലുള്ളവയ്ക്ക് തീ പിടിച്ചാൽ ഇവ ആവശ്യമായി വരും. അക്വസ് കെമിക്കൽ കലർന്ന നേർത്ത പാളിയുള്ള പതയാണ് ഫോം ടെൻഡർ എൻജിൻ പുറത്തേക്ക് ചീറ്റുക.ആവശ്യമെങ്കിൽ വെള്ളം മാത്രം ചീറ്റാനുള്ള സംവിധാനവും ഇതിനുണ്ട്. രണ്ട് വാഹനങ്ങളും ഓട്ടോമാറ്റിക് ആയി പ്രവർത്തിപ്പിക്കാമെന്നതാണ് പ്രധാന പ്രത്യേകത.അപകടമുണ്ടായാൽ പെട്ടെന്ന് എത്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും സഹായകമാവുന്നതാണ് ക്യു ആർവി ട്രക്ക്.
നഗരസഭ ചെയർപേഴ്സൻ സിഎച്ച് ജമീല, കൗൺസിലർ ഒ. സഹദേവൻ എന്നിവർ പങ്കെടുത്തു. ഫ്ളാഗ് ഓഫിനുശേഷം ഗാന്ധിനഗർ ഫയർ സ്റ്റേഷൻ പരിസരത്ത് ഇവയുടെ ഉപയോഗം വിശദീകരിച്ച് പ്രദർശനവും നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി പ്രദീപ് നേതൃത്വം നൽകി.