തേഞ്ഞിപ്പലം: പ്രഥമശുശ്രൂഷാ രംഗത്ത് ജനങ്ങളെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി ചേലേമ്പ്ര രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഫസ്റ്റ് എയ്ഡ് പഞ്ചായത്തെന്ന ഖ്യാതിയിലേക്ക്. രാമനാട്ടുകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീലിംഗ് ഫൗണ്ടേഷൻ ഇന്ത്യയും ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയൽ എഡ്യുക്കേഷനൽ സ്ഥാപനവും പഞ്ചായത്തുമായിസഹകരിച്ചാണ് മിഷൻ ഫസ്റ്റ്എയ്ഡ് എന്ന പേരിൽ രാജ്യത്തെ തന്നെ ആദ്യമാതൃകാ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി കെ.കെ.ഷൈലജ ജൂലൈ 15ന് നിർവ്വഹിക്കും.ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങൾ, മിന്നൽ, വൈദ്യുതാഘാതം, പാമ്പു കടിയേൽക്കൽ, വാഹനാപകടങ്ങൾ, കുഞ്ഞിന് ഭക്ഷണം തരിപ്പിൽപോകൽ, ശ്വാസംമുട്ടൽ, കുഴഞ്ഞ്വീഴൽ, ആത്മഹത്യാശ്രമം, തലചുറ്റൽ, പൊള്ളൽ, അപസ്മാരം, മൃഗങ്ങളുടെ ദംശനം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ ആശുപത്രികളിലെത്തും മുമ്പ് നൽകാൻ ജനങ്ങളെ പര്യാപ്തരാക്കുകയാണ് ലക്ഷ്യം.
പദ്ധതി ചേലേമ്പ്ര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സർക്കാരിലേക്ക് സമർപ്പിച്ചപ്പോൾ മാതൃകാ പ്രൊജക്ടായി അംഗീകരിച്ചു. തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ, പൊലീസുകാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, വീട്ടമ്മമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കായി ഇതിനകം പ്രായോഗിക പരിശീലന ക്ലാസുകൾ നൽകിക്കഴിഞ്ഞു.
അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ദേവകിയമ്മ ഫാർമസി കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന വാളന്റിയർമാർക്കാണ് പ്രായോഗിക പരിശീലനം നൽകുന്നത്.
അത്യാവശ്യ ഉപകരണങ്ങളും ലഭ്യമാക്കും.
ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളേജ് അദ്ധ്യാപകനും രാമനാട്ടുകര ഐക്കരപ്പടി സ്വദേശിയുമായ കെ.ആർ.വിമലും സഹപ്രവർത്തകരും ചേർന്ന് രണ്ട് വർഷം മുമ്പാണ് പ്രഥമശുശ്രൂഷയിൽ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഹീലിംഗ് ഹാന്റ്സ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ സംരംഭത്തിന് തുടക്കമിടുന്നത്.
പ്രഥമശുശൂഷ കൃത്യമായ സമയത്ത് ലഭിക്കാത്തതിനാലുണ്ടായ സ്വന്തം കുടുംബത്തിലെയും മറ്റുള്ളവരുടെയും ദുരനുഭവങ്ങളാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് രൂപം നൽകാൻ വിമലിനെയും സുഹൃത്തുക്കളെയും പ്രേരിപ്പിച്ചത്.
രാജ്യത്താകമാനം പ്രവർത്തനം വ്യാപിപ്പിക്കണമെന്നാണ് സംഘടനയുടെ ലക്ഷ്യം.
വിമലിനൊപ്പം ടി.എസ്. അംജിത്ത്, വി.സുരേഷ്, എൻ.കെ. രവീന്ദ്രൻ, വൈശാഖ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പദ്ധതിക്ക് പിന്തുണ തേടി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധനും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖേന യൂനിസെഫിനും വിശദറിപ്പോർട്ട് സമർപ്പിക്കും.പ്രഥമശുശ്രൂഷയിൽ ജനങ്ങൾക്ക് നൽകുന്ന പ്രായോഗിക പരിശീലനം ഈ മാസം 30നകം പൂർത്തീകരിക്കും.
സി. രാജേഷ്
ചേലേമ്പ്ര പഞ്ചായത്ത്
പ്രസിഡന്റ്