കെ. വി. നദീർ
പൊന്നാനി: സ്കൂളിലെത്തുന്ന കുട്ടികളുടെ ഓരോ വിവരവും വിരൽത്തുമ്പിലൊരുക്കി സ്കൂൾ, രക്ഷാകർതൃ ബന്ധത്തിന്റെ പുതിയ പാഠം രചിക്കുകയാണ് പൊന്നാനി നഗരസഭ. പൊതു വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ അക്ഷരത്തിരയുടെ ഭാഗമായാണ് വി വിത്ത് യു എന്ന പേരിൽ സമഗ്ര സ്കൂൾ മാനേജ്മെന്റ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം മൊബൈൽ ആപ്ലിക്കേഷൻ പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്നത്. മൊബൈൽ ഫോണിന് പുറമെ ലാപ്ടോപ്, കമ്പ്യൂട്ടർ, ടാബ് എന്നിവയും ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രക്ഷിതാക്കൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. ഹാജർനില മുതൽ പഠന നിലവാരം വരെ കൃത്യമായി അറിയാനാകും. കുട്ടികൾ സ്കൂളിലെത്തിയില്ലെങ്കിൽ മൊബൈലിൽ വിവരമെത്തും. പരീക്ഷകളിലെ പ്രോഗ്രസ് റിപ്പോർട്ടുകളും ആപ്പിൽ കാണാം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ ആപ്പിൽ പി.ഡി.എഫ് ഫയലായി ചേർത്തിട്ടുണ്ട്. എൽ.എസ്.എസ്, യു.എസ്. എസ്, എൻ.എം.എം.എസ് പരീക്ഷകളുടെ പഠന സഹായികളും പഴയ ചോദ്യപേപ്പറുകളും ആപ്ലിക്കേഷനിലൂടെ ലഭിക്കും.
അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡുകൾ ആപ്ലിക്കേഷനിൽ ഒരുക്കും.പഠന സഹായകമായ വീഡിയോകളും ഓഡിയോകളും സജ്ജമാക്കും. ആപ്ലിക്കേഷൻ സജ്ജമാക്കുന്നതിൽ അദ്ധ്യാപകരടക്കുന്ന സെലക്ഷൻ കമ്മിറ്റിയാണുള്ളത്. എന്തെല്ലാം ഉൾക്കൊള്ളിക്കണമെന്ന കാര്യത്തിൽ ഇവരാണ് തീരുമാനമെടുക്കുക.
മികച്ച അദ്ധ്യാപകരുടെ വിർച്വൽ ക്ലാസുകളും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. ഹൈസ്കൂൾ, എച്ച്.എസ്.എസ് പൊതുപരീക്ഷകളുടെ പഴയ ചോദ്യപേപ്പറുകളും ആപ്ലിക്കേഷൻ വഴി ലഭ്യമാക്കും. സ്കൂൾ ബസ് എവിടെയെത്തിയെന്നറിയാൻ ജി.പി.എസ് ട്രാക്കിംഗ് സംവിധാനവും ആപ്ലിക്കേഷനിലുണ്ട്.
കേന്ദ്രീകൃത സംവിധാനത്തിലൂടെ നഗരസഭയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം നഗരസഭ കാര്യാലയത്തിൽ അറിയാനാവും. കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങളിലും സ്കൂളുകളിലും യു.ആർ.സിയുടെ സഹായത്തോടെ ആവശ്യമായ ഇടപെടൽ നടത്തും.
കൂടാതെ ടീച്ചിംഗ് എയ്ഡ്, ക്ലാസ് അടിസ്ഥാനത്തിലുള്ള പാരന്റ്സ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.അദ്ധ്യപകർക്കുള്ള ആദ്യ ഘട്ട പരിശീലനം വ്യാഴാഴ്ച്ച നടക്കും.