നിലമ്പൂർ: ഉപയോഗശൂന്യമായ ചാക്കുകണക്കിന് പച്ചക്കറികൾ നാടുകാണി ചുരം റോഡരികിൽ തള്ളിയ നിലയിൽ. ചുരത്തിൽ കാഞ്ഞിരാല കൂപ്പ് റോഡിന് സമീപമാണ് പച്ചക്കറികൾ തള്ളിയത്. പച്ചമുളക്, മത്തൻ, കാബേജ്, രണ്ട് ഇനം വഴുതന, കാരറ്റ്, ബീറ്റ്റൂട്ട് , പയർ, ബീൻസ്, വെള്ളരി, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് തള്ളിയത്. വനം വകുപ്പ് ചുരം റോഡ് നിരീക്ഷിക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ഇത് കണ്ടെത്തിയത്.പ്ലാസ്റ്റിക് ചാക്കിലാണ് പച്ചക്കറികൾ നിറച്ചിരുന്നത്.
മുമ്പ് സമാനരീതിയിൽ അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ മുണ്ട അങ്ങാടിക്ക് സമീപവും ഉപയോഗശൂന്യമായ പച്ചക്കറികൾ ചാക്ക് കണക്കിന് തള്ളിയിരുന്നു.
പച്ചക്കറികൾ തള്ളുന്നതിന് പിന്നിൽ കള്ളക്കടത്തു ലോബികളാണെന്നു സംശയിക്കുന്നുണ്ട്. പച്ചക്കറി ലോഡിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ യഥേഷ്ടം കടത്തുന്നുണ്ട്.
മൂന്ന് മാസം മുമ്പ് സവാള കയറ്റിവന്ന പിക്കപ്പ് ലോറിയിൽ നിന്നും ഒരു കോടിയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടിയിരുന്നത്.
മുമ്പും പച്ചക്കറികൾക്ക് മറപറ്റി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഇവ സുരക്ഷിത കേന്ദ്രങ്ങളിലിറക്കി മടങ്ങുമ്പോഴാണ് വാഹനങ്ങളിൽ നിന്നും പച്ചക്കറികൾ റോഡരികിൽ ഉപേക്ഷിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഏതെങ്കിലും പച്ചക്കറി കടകളിൽ ഇത് വിൽപ്പന നടത്തിയാൽ ആളെ തിരിച്ചറിയുമെന്നതിനാലാണ് പച്ചക്കറികൾ റോഡരികിൽ തള്ളുന്നതെന്നാണ് സൂചന.
സമാന രീതിയിൽ നാടുകാണി ചുരത്തിൽ പലയിടങ്ങളിലായി പച്ചക്കറികൾ തള്ളിയനിലയിൽ കണ്ടെത്തിയിരുന്നു.