കൊണ്ടോട്ടി: സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് കൊട്ടുക്കര ചെറാട് അലിയുടെ മകൻ മുഹമ്മദ് ആഷിഖ് (17) ആണ് മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 ൽ മോങ്ങം ഹിൽടോപ്പിൽ ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി ബൈക്കിൽ സുഹൃത്തിനൊപ്പം മോങ്ങം ഒളമതിലിലേക്ക് പോകവെയാണ് അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്ന ആഷിഖ് തെറിച്ച് വീഴുകയായിരുന്നു. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ബൈക്കോടിച്ച യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊട്ടുക്കര പി.പി.എം ഹയർസെക്കണ്ടറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ് ആഷിഖ്. മാതാവ്: സലീന. സഹോദരങ്ങൾ: സഹ്‌ല, നിഹ്‌ല.