മലപ്പുറം: മയക്കുമരുന്ന്, കഞ്ചാവ് മാഫിയകൾക്കെതിരെ നടപടികളും ബോധവത്കരണവും ശക്തമാക്കുമ്പോഴും ജില്ലയിൽ ലഹരി മാഫിയയുടെ പിടി അയയുന്നില്ല. നാല് വർഷത്തിനിടെ ജില്ലയിൽ കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ പലയിരട്ടി വർദ്ധനവുണ്ടായി. 2016ൽ 191 കേസുകളെങ്കിൽ 2017ൽ 454 ആയി ഉയർന്നു. കഴിഞ്ഞ വർഷമിത് 708 ആണ്. ഈവർഷം മേയ് വരെ മാത്രം 249 കേസുകളുണ്ടായി. ഇക്കാര്യത്തിൽ സംസ്ഥാനത്ത് അഞ്ചാമതാണ് ജില്ല. എറണാകുളം - 431, പാലക്കാട് -354 , ആലപ്പുഴ - 335, തൃശൂർ 295 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വർഷം മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മൂന്നാമതായിരുന്നു ജില്ല. എറണാകുളം - 921, ആലപ്പുഴ - 817 എന്നിങ്ങനെ. സംസ്ഥാനത്താകെ 7,573 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ജില്ലയിൽ മയക്കുമരുന്ന്, കഞ്ചാവ് കേസുകളിൽ വലിയ വർദ്ധനവുണ്ടായി. ജില്ലയിൽ ഹൈസ്കൂൾതലത്തിലെ കുട്ടികളടക്കം ലഹരിക്ക് അടിമപ്പെട്ടതായി പൊലീസ്, എക്സൈസ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. പ്രതികളിൽ കൗമാരക്കാരും കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജില്ലയിൽ 251 പേരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനക്കാരും ചില്ലറ വിൽപ്പനക്കാരുമാണ് ഇതിൽ നല്ലൊരുപങ്കും. കഴിഞ്ഞ വർഷം 685 പേർ അറസ്റ്റിലായപ്പോൾ ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിരുന്നില്ല. 2017ൽ 448 കേസുകളുണ്ടായപ്പോൾ 2 പേർ കൗമാരക്കാരായിരുന്നു. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് പ്രധാനമായും മയക്കുമരുന്ന് കടത്തുകാർ വലയിലാക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ മയക്കുമരുന്ന് കാരിയർമാരായും ചില്ലറ വിൽപ്പനക്കാരുമായാണ് ലഹരി മാഫിയ ഉപയോഗിക്കുന്നത്. പിടിക്കപ്പെട്ടാൽ ചെറിയകണ്ണികളിൽ അന്വേഷണം ഒതുങ്ങും. നിയമത്തിൽ ഭേഗഗതി വേണം കേന്ദ്ര നിയമമായ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് മയക്കുമരുന്ന് കേസിലകപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത്. ഒരുകിലോഗ്രാമിൽ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നവർക്ക് ജാമ്യം ലഭിക്കും. ഇത് കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവർ ജാമ്യത്തിലിറങ്ങി സമാനമായ കുറ്റകൃത്യം ആവർത്തിക്കാൻ വഴിയൊരുക്കുന്നുണ്ട്. ഇതിന് തടയിടാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വ്യാപനവും തടയാൻ എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ സംയുക്ത എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് അധികൃതരുടെ തീരുമാനം. ലഹരിക്കെതിരെ കായിക ലഹരിയെന്ന ആശയം പ്രചരിപ്പിച്ച് കുട്ടികളെയും യുവാക്കളെയും കായികരംഗത്തേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കും. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കൂട്ടുകെട്ടുകൾ, രാത്രി സഞ്ചാരം, സ്വഭാവത്തിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പേകുന്നു.