തിരൂരങ്ങാടി : ട്രോളിംഗ് നിരോധനത്തെ തുടർന്ന് മീൻലഭ്യത കുറയുകയും കാലവർഷത്തെ തുടർന്ന് പുഴയിൽ വെള്ളം കൂടുകയും ചെയ്തതോടെ പുഴമീൻ പിടിത്തക്കാർക്ക് ചാകര.മീൻവില വൻതോതിൽ കൂടുകയും തമിഴ്നാട്ടിൽ നിന്നെത്തുന്ന മീനുകളിൽ മായമുണ്ടോയെന്ന സംശയവും കാരണം പുഴമീനിന് ഡിമാൻഡേറിയിട്ടുണ്ട്. ബാക്കിക്കയം ഷട്ടർ തുറന്നതോടെ വെഞ്ചാലി വയലിലേക്കും തോട്ടിലൂടെ വെള്ളമെത്തി. ഇതോടെ പുഴമീനും സുലഭമായി. തോട്ടിൽ നിന്നും വയലിൽ നിന്നും മീൻ പിടിക്കാൻ നിരവധി പേരാണെത്തുന്നത്. വീട്ടിലെ ആവശ്യത്തിനായും വിൽക്കാനായും മീൻപിടിക്കുന്നവരുണ്ട്. ഉയർന്ന വില വകവയ്ക്കാതെ പുഴമീൻ വാങ്ങാൻ നിരവധി പേരെത്തുന്നു. പിടിക്കുന്ന മീനുകൾ ചൂടോടെ വിറ്റുപോകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.
ബിലാൽ , പരൽ, കോലി, പൂട്ട, കൊഞ്ചൻ, എന്നീ മീനുകളാണ് ഇപ്പോൾ പിടിക്കുന്നതിലേറെയും.