തിരുവനന്തപുരം: പൊന്നാനി തീരദേശത്തോടുള്ള അവഗണനയ്ക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം. കടൽ ഭിത്തി നിർമ്മിക്കുക, കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, നഷ്ടപരിഹാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്.
പൊന്നാനി, വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച് . എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപം പൊലീസ് തടഞ്ഞു. പൊലീസും സമരക്കാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. സമരക്കാർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ തീരദേശ മേഖലയിൽ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പ്രളയം നേരിട്ടപ്പോൾ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച് നാം അഭിനന്ദിച്ച മത്സ്യ തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന നടപടി പ്രതിഷേധാർഹമാണ്.-അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ച തീരദേശ പദ്ധതികൾ പോലും പാഴാക്കുന്ന സമീപനമാണ് ഇടത് സർക്കാരിന്റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, വി.ടി. ബൽറാം, ഷാഫി പറമ്പിൽ, വി.വി. പ്രകാശ്, കെ.പി. അബ്ദുൾ മജീദ്, സി. ഹരിദാസ്, സെയ്ത് മുഹമ്മദ് തങ്ങൾ, വി. ബാബുരാജ്, എ.എം. രോഹിത്, അഡ്വ. ശിവരാമൻ, സിദ്ദിഖ് പന്താവൂർ , ഇ.പി. രാജീവ്, ഷംസു കല്ലാട്ടയിൽ, സുരേഷ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു.
ഖാദർ ചങ്ങരംകുളം, നാഹീർ അലുങ്ങൽ, ഇസ്മയിൽ, ശ്രീജിത്ത് മാറഞ്ചേരി, ലത്തീഫ് പൊന്നാനി, ഉണ്ണിക്കൃഷ്ണൻ പൊന്നാനി, മുസ്തഫ വടമുക്ക്, പ്രസാദ് പ്രണവം, മുനീർ മാറഞ്ചേരി , ഹുറൈർ കൊടക്കാട്ട് എന്നിവർ മാർച്ചിനും പ്രകടനത്തിന് നേത്യത്വം നൽകി.