തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയിൽ വള്ളിക്കുന്ന് മണ്ഡലം പരിധിയിലായി പരിഗണനയിലുള്ള റഗുലേറ്റർ പദ്ധതി നടപ്പാക്കാൻ സാദ്ധ്യത തേഞ്ഞിപ്പലം കടക്കാട്ടുപാറയ്ക്ക് സമീപമുള്ള ആലിൻകടലിൽ. പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ആലിൻകടലിന് പ്രാമുഖ്യം നൽകി റിപ്പോർട്ട് സമർപ്പിച്ചതോടെയാണിത്.
ആലിൻകടവ് മേഖലയിൽ കടലുണ്ടിപ്പുഴയ്ക്ക് താരതമ്യേന വീതി കുറവായതും ജലസംഭരണ ശേഷി കൂടുതലായതുമാണ് അനുകൂലമായതെന്ന് ചീഫ് എൻജിനീയർ കെ.എച്ച്. ഷംസുദ്ധീൻ പറഞ്ഞു. കടലിൽ നിന്ന് നിശ്ചിത കിലോമീറ്റർ ദൂരമുള്ളതും പുഴയോരത്തിന് ഉയരം കൂടുതലുള്ളതും ആലിൻകടവിൽ പുഴയോരം വരെ റോഡുള്ളതും വള്ളിക്കുന്ന് ഭാഗത്തെ പുഴയോരത്ത് റോഡിനായി സ്ഥലം ലഭിക്കുമെന്ന ഉറപ്പും കാര്യങ്ങൾ അനുകൂലമാക്കി. മറ്റ് കടവുകളെ അപേക്ഷിച്ച് റഗുലേറ്റർ നിർമ്മാണത്തിന് ചെലവു കുറയുമെന്നതും പാലം നിർബന്ധമില്ലെന്നതും അനുകൂല ഘടകമാണ്. ഇറിഗേഷൻ ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർമാരുടെ അനുകൂല റിപ്പോർട്ടും നിലവിലുണ്ട്.
ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ചയാണ് ജലസേചന വകുപ്പ് എൻജിനീയറും സംഘവും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
സ്ഥലം മാറും
വള്ളിക്കുന്ന് ഇരുമ്പോത്തിങ്ങൽ കടവിലാണ് റഗുലേറ്റർ കം ബ്രിഡ്ജ് നേരത്തെ പരിഗണിച്ചിരുന്നത്.
റഗുലേറ്റർ സ്ഥാപിക്കുന്നതോടെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂർ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണത്തിനും കാർഷിക മേഖലകളിലേക്കുള്ള ജല വിതരണത്തിനും സംവിധാനമാകും.
കടലിൽ നിന്ന് ശുദ്ധജല സ്രോതസുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതും തടയാനാകും.
36കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി വകയിരു ത്തിയിട്ടുള്ളത്.