മലപ്പുറം: ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും. ജില്ലയിൽ അഞ്ചിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം വാർഡ് കീഴ്്ചിറ, ഊർങ്ങാട്ടിരി പഞ്ചായത്തിലെ 18ാം വാർഡ് കളപ്പാറ, ആനക്കയം പഞ്ചായത്ത് 10ാം വാർഡ് നരിയാട്ടുപാറ, ആലിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് വട്ടപ്പറമ്പ്, മംഗലം പഞ്ചായത്ത് 16ാം വാർഡ് കൂട്ടായി ടൗൺ എന്നിവിടങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ചിടങ്ങളിലായി 7595 വോട്ടർമാരാണുള്ളത്. പരപ്പനങ്ങാടി കീഴ്ച്ചിറയിൽ 1337, ഊർങ്ങാട്ടിരി കളപ്പാറയിൽ 1244, ആനക്കയം നരിയാട്ടുപാറയിൽ 1490, ആലിപ്പറമ്പ് വട്ടപ്പറമ്പിൽ 2108, മംഗലം കൂട്ടായി ടൗണിൽ 1416 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ജൂൺ 28നാണ് വോട്ടെണ്ണൽ നടക്കുക.
മദ്യനിരോധനം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് പരിധിയിൽ വോട്ടെടുപ്പ് ദിവസമായ ജൂൺ 27ന് വൈകിട്ട് അഞ്ച് വരെയും വോട്ടെണ്ണൽ ദിവസമായ ജൂൺ 28നും മദ്യനിരോധനമേർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.
സ്ഥാപനങ്ങൾക്ക് അവധി
മലപ്പുറം: വോട്ടെടുപ്പ് നടക്കുന്ന സ്ഥാപനങ്ങളായ പരപ്പനങ്ങാടി കീഴ്ച്ചിറ അംഗൻവാടി, ഊർങ്ങാട്ടിരി വടക്കുംമുറി എ.എം.എൽ.പി സ്കൂൾ, ആനക്കയം കിടങ്ങയം റോസ് പബ്ലിക് സ്കൂൾ, മുടിക്കോട് വനിതാ സാംസ്കാരിക നിലയം, ആലിപ്പറമ്പ് വട്ടപ്പറമ്പ് ഇസ്സത്തുൽ ഇസ്ലാം മദ്രസ, മംഗലം കൂട്ടായി എസ്.എച്ച്.എം. യു.പി സ്കൂൾ എന്നിവയ്ക്ക് ജൂൺ 26നും 27നും വാർഡ് പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ 27നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ മേധാവികൾ നൽകണമെന്നും കളക്ടർ ഉത്തരവിൽ അറിയിച്ചു.