മലപ്പുറം: ജില്ലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെയുള്ള സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനം തിരുവനന്തപുരത്ത് നടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ 16 സ്കൂളുകളിൽ അഞ്ചുകോടിയുടെയും39 സ്കൂളുകളിൽ മൂന്നുകോടിയുടെയും നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യ രണ്ടുഘട്ടങ്ങളിലായി ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ അഞ്ച് കോടി വിഭാഗത്തിൽ പുറത്തൂർ, നന്നമുക്ക്, താനൂർ ദേവദാർ, മക്കരപ്പറമ്പ് എന്നീ സ്കൂളുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂണിൽ തന്നെ പൂർത്തിയാവും. വേങ്ങര, കൽപ്പകഞ്ചേരി, കുഴിമണ്ണ, പാണ്ടിക്കാട് സ്കൂളുകളുടെ 50 ശതമാനത്തിലധികം നിർമ്മാണ പ്രവർത്തനം പൂർത്തിയായി. ഇവ സെപ്തംബറോടെ പൂർത്തിയാക്കും. തുവ്വൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, പേരശ്ശന്നൂർ, പെരുവള്ളൂർ, നിലമ്പൂർ, കൊണ്ടോട്ടി, മലപ്പുറം സ്കൂളുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയില്ലാത്തതിനാൽ കരാറുകാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
മൂന്ന് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ മാറഞ്ചേരി, വണ്ടൂർ സ്കൂളുകളുടെ പ്രവൃത്തി സെപ്തംബറിലും എടപ്പാൾ, മഞ്ചേരി, പുതുപ്പറമ്പ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയുടേത് ഡിസംബറിലും പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കരുവാരക്കുണ്ട്, വാണിയമ്പലം, തിരുവാലി, അഞ്ചച്ചവിടി, പുലാമന്തോൾ, കുന്നക്കാവ് എന്നീ സ്കൂളുകളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരെ തിരഞ്ഞെടുത്തു. വാഴക്കാട്, ചാലിയപ്പുറം, കൊട്ടപ്പുറം, കാരക്കുന്ന്, നെല്ലിക്കുത്ത്, എടക്കര, മൂത്തേടം, പൂക്കോട്ടുംപാടം, പുല്ലങ്കോട് സ്കൂളുകൾ റീ ടെൻഡർ ചെയ്തിട്ടുണ്ട്. പൊൻമുണ്ടം സ്കൂളിന്റെ ഡി.പി.ആർ പുതുക്കേണ്ടതുണ്ട്. കടുങ്ങപുരം, നിറമരൂതൂർ, തിരൂർ സ്കൂളുകൾ ധനകാര്യ അനുമതിക്കായി കിഫ്ബിയുടെ പരിഗണനയിലാണ്.
മുഴുവൻ സ്കൂളുകളുടെയും നിർമ്മാണപ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാനും ഈ അദ്ധ്യയന വർഷം തന്നെ പൂർത്തിയാക്കാനും നടപടികളെടുത്തിട്ടുണ്ട്.
കെ. അൻവർ സാദത്ത്
കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ