bbb
.

മലപ്പുറം: മഴ കനക്കുന്നതിനൊപ്പം സാംക്രമിക,​ പകർച്ചവ്യാധികളും ജില്ലയിൽ പിടിമുറുക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ നാല് പേരെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ജില്ലയിലാണ്. ഇതു സംബന്ധിച്ച മരണങ്ങളും ജില്ലയിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം താനൂരിലും മൂർക്കനാടിലും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. വൈറൽപനി ബാധിച്ച് ഒരുദിവസം 1,​500ന് മുകളിൽ പേർ‌ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ചികിത്സ തേടുന്നവർക്ക് പുറമെയാണിത്. ഒരാഴ്ച്ചയ്ക്കിടെ 12,​290 പേർക്കാണ് പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ വർഷം ജില്ലയെ ഭീഷണിയിലാഴ്ത്തിയ എലിപ്പനി വലിയ തോതിൽ തലപൊക്കിയിട്ടില്ല. മൂന്നുപേർ‌ക്കാണ് ബാധിച്ചത്. അതേസമയം ഡെങ്കിപ്പനി വീണ്ടും പിടിമുറുക്കുന്നുണ്ട്. തൃക്കലങ്ങോട്,​ മലപ്പുറം,​ കരുവാരക്കുണ്ട്,​ കോഡ‌ൂർ,​ പൂക്കോട്ടൂർ,​ വണ്ടൂർ,​ മഞ്ചേരി,​ കാവന്നൂർ,​ ഒളവന്നൂർ എന്നിവിടങ്ങളിലായി 19 കേസുകളുണ്ടായി. വെള്ളത്തിൽ വേണം ശ്രദ്ധ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. 62 പേർക്കാണ് ഒരാഴ്ച്ചക്കിടെ രോഗം ബാധിച്ചത്. ഇതിൽ മൂന്ന് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി ആണ്. വട്ടംകുളം,​ കാളികാവ് എന്നിവിടങ്ങളിലായി രണ്ട് മലേറിയ കേസുകളുമുണ്ടായി. എച്ച്1 എൻ1 നാല് പേർക്കും. അതിസാരം ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ദിവസം ശരാശരി 300ന് മുകളിൽ പേർ ചികിത്സ തേടുന്നുണ്ട്. ഒരാഴ്ച്ചയ്ക്കിടെ 2,​596 പേർക്കാണ് അതിസാരം ബാധിച്ചത്. ജാഗ്രത വേണം കുടിവെള്ളം,​ ഭക്ഷണം എന്നിവയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു. പരിസര ശുചീകരണത്തിനൊപ്പം കൊതുക് വളരാനുള്ള സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണം. ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകൾ വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം. അസുഖങ്ങളുടെ കണക്ക് വൈറൽ പനി ഇന്നലെ - 1,​895 ഒരാഴ്ച്ചക്കിടെ 12,​290 ഡെങ്കി ഇന്നലെ - രണ്ട് ഒരാഴ്ച്ച - 16 മഞ്ഞപ്പിത്തം ഇന്നലെ - 5 ഒരാഴ്ച 62