വളാഞ്ചേരി: തിരൂർ, വളാഞ്ചേരി നഗരസഭ ബസ് സ്റ്റാൻഡുകളിലെ ശൗചാലയങ്ങൾ ഒരാഴ്ചയായി അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് വളാഞ്ചേരി-തിരൂർ റൂട്ടിലെ ബസുകൾ ഇന്ന് പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു. വളാഞ്ചേരി ബസ് സ്റ്റാൻഡിലുള്ള സെപ്ടിക് ടാങ്കുകൾ നിറഞ്ഞതാണ് കംഫർട്ട് സ്റ്റേഷൻ അടച്ചിടാൻ കാരണം. ഇതുമൂലം നഗരത്തിലെത്തുന്ന യാത്രക്കാരും ബസ് ജീവനക്കാരും പ്രാഥമിക കൃത്യങ്ങൾക്കായി ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പല ഹോട്ടലുകളിലും ശുചിമുറികളില്ല. മൂത്രപ്പുര, കക്കൂസ്, കുളിമുറി എന്നിവയാണ് കംഫർട്ട് സ്റ്റേഷനിലുള്ളത്. ഒരേ ടാങ്കിലേക്ക് മാലിന്യം പോകുന്നതാണ് പെട്ടെന്ന് നിറയാൻ കാരണം. ടാങ്കുകൾ നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയിരുന്നതിനാൽ പരിഹാരമെന്നോണം ഒരു വർഷം മുമ്പ് പുതിയൊരു ടാങ്ക് കൂടി നിർമ്മിച്ചിരുന്നു. ഇപ്പോൾ അതും നിറഞ്ഞിരിക്കുകയാണ്. കംഫർട്ട് സ്റ്റേഷനിലെ കുളിമുറികളിലെ വെള്ളം ഓടകളിലേക്കാണ് ഒഴുക്കിയിരുന്നത്. മൂത്രപ്പുരയിലെ പൈപ്പും ഓടകളിലേക്ക് നീട്ടിയിരുന്നു. എന്നാൽ ടൗണിൽ ഐറിഷ് മോഡൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓടകൾ മണ്ണിട്ട് നികത്തിയപ്പോൾ മലിനജലം പുറത്തേക്കൊഴുക്കാൻ കഴിയാതെയായി. കംഫർട്ട് സ്റ്റേഷൻ, നഗരസഭ മത്സ്യ, മാംസ മാർക്കറ്റ്, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മലിനജലം സ്വന്തം സ്ഥലങ്ങളിൽ സംസ്‌കരിക്കേണ്ട അവസ്ഥവന്നു. അതിനാൽ പലയിടത്തും സെപ്ടിക് ടാങ്കുകൾ അടക്കമുള്ളവ നിറഞ്ഞ സ്ഥിതിയാണ്. ഇപ്പോൾ മിക്ക ഹോട്ടലുകളിലും ടാങ്ക് നിർമ്മിച്ച് മലിനജലം അതിൽ ശേഖരിക്കുകയാണ്. നഗരസഭയുടെ അധീനതയിലുള്ള മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തിരൂർ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനും ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. അതിനാൽ തിരൂർ- വളാഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാർക്ക് രണ്ടിടത്തും ശുചിമുറികൾ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പണിമുടക്ക്. നടപടിയുണ്ടായില്ലെങ്കിൽ വൻതോതിലുള്ള പ്രക്ഷോഭത്തിന് രൂപം നൽകും.