പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ വാഹനക്കുരുക്കിന് പുറമേ അപകടങ്ങളും തുടർക്കഥയാവുന്നു. ദേശീയപാതയിൽ അരിപ്ര മുതൽ പാണമ്പി വരെയുള്ള കൈയേറ്റങ്ങളൊഴിപ്പിച്ച്റോഡ് വീതി കൂട്ടിയതോടെയാണ് അപകടങ്ങൾ തുടങ്ങിയത്. രാത്രി വാഹനങ്ങളുടെ തിരക്ക് കുറയുമ്പോൾ വീതി കൂടിയ പാതയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ഇടുങ്ങിയ മേൽപ്പാലം പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്.
ഉദ്ഘാടന ശേഷം മേൽപ്പാലത്തിന്റെ ഇരുഭാഗങ്ങളിലും റിഫ്ളക്ടറുകളും പാലത്തിലേക്ക് പ്രവേശിക്കുന്നയിടങ്ങളിൽ ഇലക്ട്രോണിക് സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. എതിർവശത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ, പുറത്തേക്ക് തള്ളിനിൽക്കുന്ന ലോഡുമായി വരുന്ന വലിയ ചരക്കു വാഹനങ്ങൾ പാലത്തിന് ഓരം ചേർന്ന് പോകുന്നത്ഈ ലൈറ്റുകൾ പൂർണ്ണമായും തകരാനിടയാക്കി. ഇതോടെ രാത്രിയിൽ പാലത്തിന്റെ വീതിക്കുറവ് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാതെയായി. ഇതാണ് അപകടത്തിന് വഴിവയ്ക്കുന്നത്. മുമ്പ് ഓരാടൻ പാലത്തിന് സമീപമായിരുന്നു അപകടങ്ങളെങ്കിൽ ഇപ്പോഴത് മേൽപ്പാലത്തിലാണ്. മഴക്കാലമായതിനാൽ മുന്നറിയിപ്പ് ബോർഡും ലൈറ്റുകളും റിഫ്ളക്ടറുകളും ഉടൻ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപകടങ്ങൾ ഇങ്ങനെ
കഴിഞ്ഞയാഴ്ച്ച കോഴിക്കോട് നിന്നും പെരിന്തൽമണ്ണയിലേക്ക് വന്ന ചരക്ക് ലോറി പാലത്തിന്റെ ഇടത്തെ കൈവരിയിലേക്ക് ഇടിച്ചു കയറിയിരുന്നു. അപകടത്തിൽ പാലത്തിന്റെ കൈവരിയും ലോറിയുടെ മുൻഭാഗവും തകർന്നു. പുലർച്ചെ മഴ പെയ്ത സമയത്തായിരുന്നു അപകടം.
സമാനരീതിയിൽ ഇന്നലെ പുലർച്ചെ തേങ്ങയുമായി വന്ന വലിയ ചരക്കുലോറിയുംഇതേ ഭാഗത്ത് വച്ച് അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശത്തെ ഇരുടയറുകളും എൻജിൻ സഹിതം വേർപ്പെടുകയും തേങ്ങാച്ചാക്കുകൾ കാബിനിലേക്ക് ഇടിച്ചുകയറിയതിനാൽ കാബിൻ ബോഡിയിൽ നിന്നും വേർപ്പെടുകയും ചെയ്തു. ലോറിയിൽ ഉണ്ടായിരുന്നവർക്ക് നേരിയ പരിക്കേറ്റു.
ആശങ്കയായി ഇളക്കവും
മുതുവറ ക്ഷേത്രത്തിന് സമീപത്തെയും ഏറാന്തോട് റോഡ് തിരിയുന്ന ഭാഗത്തെയും ഓരോ തൂണുകൾക്കും പ്രതലത്തിനുംവലിയ ചരക്ക് വാഹനങ്ങൾ കടന്നുപോവുമ്പോൾ ഇളക്കം കൂടുന്നതായി പ്രദേശവാസികൾ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
പാലത്തിന്റെ തൂണുകളും സ്പാനുകളും വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
+