വളാഞ്ചേരി: രേഖകളില്ലാതെ സ്കൂൾ ബസായി ഓടിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി തിണ്ടലം കെ.വി.യു.പി. സ്കൂളിനായി ഓടിയിരുന്ന ബസാണ് വളാഞ്ചേരി സി.ഐ. എം. മനോഹരൻ കസ്റ്റഡിയിലെടുത്തത്.
കുറ്റിപ്പുറം സ്വദേശി ചിറ്റകത്ത് വീട്ടിൽ സഹീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. പ്രൈവറ്റ് ബസ് മഞ്ഞ പെയിന്റടിച്ച് ടാക്സി വാഹനത്തിന്റേതുപോലെ കറുത്ത നിറത്തിൽ നമ്പർ എഴുതിയായിരുന്നു ഓടിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. സ്കൂൾ ബസുകൾക്ക് ഉണ്ടാകേണ്ട യാതൊരു രേഖകളും ഈ ബസിനുണ്ടായിരുന്നില്ല. ഫിറ്റ്നസ് പരിശോധന നടത്താത്ത വാഹനത്തിൽ മറ്റു സുരക്ഷാ സംവിധാനങ്ങളുമില്ല. ഇതുസംബന്ധിച്ച് തിരൂർ ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകി.