തിരൂരങ്ങാടി: സേഫ് കേരള പദ്ധതി വഴി റോഡുകളിൽ 24 മണിക്കൂർ ബോധവത്കരണവും പരിശോധനയും നടപ്പാക്കിയതോടെ 20 ശതമാനത്തോളം റോഡപകടങ്ങൾ കുറയ്ക്കാനായതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.
കഴിഞ്ഞവർഷം മാർച്ച് മുതൽ മേയ് വരെ 121 അപകടമരണങ്ങൾ ജില്ലയിലുണ്ടായപ്പോൾ ഈ വർഷം ഇതേകാലയളവിൽ 96 മരണങ്ങളാണുണ്ടായതെന്ന് എൻഫോഴ്സ്മെന്റ് ജില്ലാ ആർ.ടി.ഒ ടി.ജി. ഗോകുൽ പറഞ്ഞു. മാർച്ചിലാണ് എൻഫോഴ്സ്മെന്റ് വിഭാഗം പദ്ധതി ആരംഭിച്ചത്. ഈ കാലയളവിൽ 7667 കേസുകളിലായി 70,41,470 പിഴയും ഈടാക്കി.
മഫ്തിയിൽ നടത്തിയ പരിശോധന, നോമ്പുതുറ സമയത്ത് യാത്രക്കാർക്ക് വെള്ളവും ലഘുഭക്ഷണവും നൽകിയുള്ള ബോധവത്കരണം, ജില്ലയിലെ പള്ളികൾ കേന്ദ്രീകരിച്ച് മഹല്ല് കമ്മിറ്റികളുടെ പിന്തുണയോടെ നടത്തിയ ക്ളാസുകൾ , കുട്ടി ഡ്രൈവർമാരെ റോഡുകളിൽ നിന്നും മാറ്റി നിറുത്താനുദ്ദേശിച്ചുള്ള പ്രചാരണം, മഴക്കാലം തുടങ്ങുംമുമ്പായി ഊർജ്ജിതമാക്കിയ പരിശോധന തുടങ്ങിയവയാണ് ഇക്കാര്യത്തിൽ സഹായകമായത്.
എം.വി.ഐമാരായ ഷബീർ മുഹമ്മദ്, വി.ഐ. അസീം, റെജിമോൻ, മനോജ് കുമാർ എന്നിവരുടെയും പദ്ദതി നിർവഹണത്തിന്റെ ചുമതലയിലുണ്ടായിരുന്നു.
അപകടങ്ങൾ കുറയ്ക്കാനായെങ്കിലും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും കുറവ്കാരണം റോഡുകളിൽ എപ്പോഴും സ്ക്വാഡുകളുടെ സാന്നിദ്ധ്യമെത്തിക്കാനാവുന്നില്ലെന്ന പരിമിതിയുമുണ്ട്.