മലപ്പുറം: സ്പിൽ ഓവർ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കേണ്ടെന്ന സർക്കാർ നിലപാടിനെ തുടർന്ന് അംഗീകാരം വാങ്ങിയ വികസനപ്രവൃത്തികൾ ഒഴിവാക്കേണ്ട അവസ്ഥയിൽ ജില്ലാ പഞ്ചായത്ത്. 2019- 20 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിന് 53.76 കോടി രൂപയാണ് സ്പിൽ ഓവറായി ലഭിക്കേണ്ടത്. മേയ് 15ന് ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം 2019-20 ബഡ്ജറ്റ് നീക്കിയിരിപ്പിന്റെ 20 ശതമാനം മാത്രമാണ് ലഭിക്കുക.
ശേഷിക്കുന്നത് ഈ വർഷത്തെ പദ്ധതി തുകയിൽ നിന്ന് കണ്ടെത്തേണ്ടി വരും. 2019- 20ലെ പദ്ധതികൾ 2018 ഡിസംബറിനുള്ളിൽ അംഗീകാരം വാങ്ങണമെന്ന നേരത്തെയുള്ള സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പദ്ധതികൾ ഏറ്റെടുത്ത് നടപടികൾ ആരംഭിച്ചിരിക്കെയാണ് സ്പിൽ ഓവർ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറച്ചത്. കരാറെടുത്ത പദ്ധതികൾക്കേ ഫണ്ട് അനുവദിക്കൂ. കഴിഞ്ഞ സാമ്പത്തിക വർഷം വരെ, സാങ്കേതികാനുമതി നൽകിയ പദ്ധതികൾ സ്പിൽഓവറായി തുടരാൻ അനുവദിച്ചിരുന്നു.
മുൻവർഷങ്ങളിലെ സ്പിൽഓവർ പദ്ധതികൾ പൂർത്തീകരിച്ചുവരുന്ന സാഹചര്യത്തിൽ ഇതു നിറുത്തലാക്കിയത് ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫണ്ട് കണ്ടെത്താനാവാത്തതിനെ തുടർന്ന് പദ്ധതികളുടെ മുൻഗണനാ ലിസ്റ്റ് സമർപ്പിക്കാൻ കൗൺസിലർമാരോട് ആവശ്യപ്പെടുകയും പല പദ്ധതികളും വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഇന്നലെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇടത് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ചങ്ങരംകുളം ഡിവിഷനിൽ 30 പദ്ധതികളിൽ പതിനെട്ടും വെട്ടിയതായി കൗൺസിലർ എം.ബി. ഫൈസൽ പറഞ്ഞു. ഒരുകോടിയോളം രൂപയുടെ പദ്ധതികളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് പദ്ധതികളുടെ നിർവഹണം നീണ്ടുപോവാനും സ്പിൽഓവറിലേക്കും നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.ഫണ്ടിന്റെ കുറവ് മൂലം പദ്ധതികളുടെ മുൻഗണനാലിസ്റ്റ് തയ്യാറാക്കണമെന്ന് അറിയിച്ചിട്ടും ആരും ഇതു സമർപ്പിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ പറഞ്ഞു. അനുമതിയേകിയ പദ്ധതികൾ വെട്ടിയെങ്കിൽ ഇക്കാര്യം പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വാർഷിക പദ്ധതി ഫണ്ടിൽ പത്ത് ശതമാനം കൂടി സർക്കാർ അധികമനുവദിച്ചിട്ടുണ്ട്. 29ന് ജില്ലാ ആസൂത്രണ സമിതി ചേർന്ന് ഇതിലെ പദ്ധതികൾക്ക് അംഗീകാരമേകുമെന്നും എ.പി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
പശ്ചാത്തലം
ഒരുസാമ്പത്തിക വർഷം തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുക ആ വർഷം തന്നെ ചെലവഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുകയാണ് സ്പിൽഓവർ പദ്ധതികൾ നിറുത്തലാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ധനകാര്യ കമ്മിഷനും സ്പിൽഓവർ പദ്ധതികൾ നിറുത്തലാക്കണമെന്ന് നിർദ്ദേശമേകിയിരുന്നു.
പദ്ധതി രൂപീകരണം നീണ്ടുപോവുകയും നിർവഹണം ഡിസംബറിൽ തുടങ്ങുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കുകയാണ് ഉത്തരവിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിനടക്കമുള്ള തുക ചെലവഴിക്കാതെ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുന്ന അനാസ്ഥ തദ്ദേശസ്ഥാപനങ്ങൾക്കിടയിൽ വർദ്ധിച്ചിരുന്നു.
ഫണ്ടിന്റെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതാണ് പദ്ധതികൾ വെട്ടിച്ചുരുക്കാൻ കാരണം
എ.പി. ഉണ്ണിക്കൃഷ്ണൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്