കൊണ്ടോട്ടി: മയക്കുമരുന്നായ എം.ഡി.എയുമായി മൂന്ന് പേരെ പൊലീസും ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് പിടികൂടി. മോങ്ങം വാരിയത്ത് ഷാഹുൽ ഹമീദ്(33), കുറ്റിപ്പുറം മഠത്തിൽ അർഷാദ്(32), മോങ്ങം പൊറ്റതൊടുവിൽ മുസ്തഫ(മിസ്റ്റർ ഇന്ത്യൃ 43)എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി പാണ്ടിക്കാട് വച്ചാണ് മൂന്ന് പേരെയും മുംബൈ രജിസ്ട്രേഷൻ വാഹനമടക്കം പിടികൂടിയത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എ കണ്ടെത്തി.
ഒരുവർഷം മുമ്പ് ഇവരുടെ സുഹൃത്ത് മുസ്ലിയാരങ്ങാടി സ്വദേശിയായ യുവാവിനെ 16 ഗ്രാം എം.ഡി.എയുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് മൂവർ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മുംബൈ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിൽപെട്ടവരാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു.
വാഹനക്കച്ചവടത്തിന്റെ മറവിൽ മുംബൈയിൽ നിന്നും യൂസ്ട് കാറുകൾ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മുംബൈയിൽ നിന്നും കൊണ്ടുവന്ന വാഹനങ്ങളിലാണ് മയക്കുമരുന്ന് കടത്തിയിരുന്നത്.
പിടിയിലായ ഷാഹുൽ ഹമീദ് മോങ്ങത്ത് സ്റ്റുഡിയോ നടത്തുകയാണ്. മുസ്തഫ മോങ്ങത്ത് ജിംനേഷ്യം നടത്തുന്നു. കുറ്റിപ്പുറം സ്വദേശി അർഷാദിന് വാഹനക്കച്ചവടമാണ്.ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചുവരികയാണ്.
മലപ്പുറം ഡി.വൈ.എസ്.പി ഷംസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി സി.ഐ ഷൈജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്,പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, നാസർ അരീക്കോട്, സുലൈമാൻ, ശ്രീരാമൻ, ദിനേശൻ, വിജയൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.