എടക്കര: കാട്ടാനകൾ റബർ മരങ്ങളുടെ തോൽ തിന്നാൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിൽ. ആനകൾ റബർ തൈകൾ വ്യാപകമായി നശിപ്പിക്കാറുണ്ടായിരുന്നെങ്കിലും വലിയ റബർ മരങ്ങൾ തൊടുന്നത് കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നെല്ലിക്കുത്തിലെത്തിയ കാട്ടാനക്കൂട്ടം അമ്പതിലധികം വലിയ റബർ മരങ്ങൾ നശിപ്പിച്ചു. ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്ന റബർ മരങ്ങളുടെ തൊലിയാണ് അടർത്തിയെടുത്ത് ഭക്ഷിച്ചത്. ഇതുകാരണം ടാപ്പിംഗ് മുടങ്ങുകയും മരം ഭാവിയിൽ നശിക്കുകയും ചെയ്യും. ടാപ്പിംഗിന് പര്യാപ്തമാവും വരെ റബർ മരം പരിപാലിക്കാനുള്ള ചെലവ് ഭീമമാണ്. ഇതെല്ലാം സഹിച്ച് വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന കർഷകന് കാട്ടാനയുടെ ആക്രമണം തിരിച്ചടിയാവുകയാണ്. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം നെല്ലിക്കുത്ത് പുന്നപ്പുഴയോരത്തെ ചേലക്കോടൻ റഫീഖിന്റെ നിരവധി റബറുകളാണ് ഈ രീതിയിൽ നശിപ്പിച്ചത്. കൂടാതെ തെറ്റത്ത് ഫാത്തിമയുടെ വീടിന് മുറ്റത്തെ തെങ്ങും നശിപ്പിച്ചു.