തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കി ആധുനിക കെട്ടിടം പണിയാനുള്ള പ്രവർത്തനങ്ങൾ രണ്ടുവർഷമായിട്ടും പാതിവഴിയിൽ തന്നെ. ജനത്തിരക്കേറിയ ചെമ്മാട് ടൗണിൽ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃ ത്തിയാണ് പാതിവഴിയിൽ നിലച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കെട്ടിടാവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്നത് നാട്ടുകാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
മൂന്ന് പതിറ്റാണ്ടുമുമ്പ് തിരൂരങ്ങാടി പഞ്ചായത്ത് നിർമ്മിച്ച ബഹുനില കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കാനായാണ് 2017 സെപ്തംബറിൽ പൊളിക്കാനാരംഭിച്ചത്. ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചെങ്കിലും കെട്ടിടാവശിഷ്ടങ്ങൾ റോഡിലും മറ്റും ചിതറിക്കിടന്നത് അപകടങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴും മണ്ണും അവശിഷ്ടങ്ങളും നീക്കാനേറെയുണ്ട്.
കംഫർട്ട് സ്റ്റേഷൻ പൊളിക്കുന്നത് ഇപ്പോഴും ബാക്കിയാണ്. മഴ പെയ്തതോടെ ഈ ഭാഗം കാടുപിടിച്ച നിലയിലാണ്. ചില വ്യാപാര സ്ഥാപനങ്ങൾ ഇവിടെ മാലിന്യം തള്ളുന്നതിനാൽ അവ നനഞ്ഞു ദുർഗന്ധവുമുണ്ട്. പൊളിച്ച ഭാഗത്തിന്റെ അവശിഷ്ടങ്ങളും മണ്ണും തിരക്കേറിയ താലൂക്ക് ആശുപത്രി റോഡിലേക്കാണ് ഇറങ്ങിക്കിടക്കുന്നത്. ആശുപത്രിയിലേക്കെത്തുന്നവർക്കും കാൽനട യാത്രക്കാർക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നു. എത്രയും പെട്ടെന്ന് മണ്ണും മറ്റും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒട്ടും കംഫർട്ടില്ല
പൊളിച്ച കെട്ടിടത്തിലാണ് കംഫർട്ട് സ്റ്റേഷൻ ഉണ്ടായിരുന്നത്.
രണ്ടുവർഷമായി നഗരത്തിൽ കംഫർട്ട് സ്റ്റേഷനില്ലാത്ത അവസ്ഥയാണ്.
ഹോട്ടലുകളെയും ആശുപത്രികളെയുമാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
എത്രയും പെട്ടെന്ന് പുതിയ കെട്ടിടനിർമ്മാണത്തിനുള്ള നടപടികളിലേക്ക് കടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പദ്ധതിനീളുന്ന സാഹചര്യത്തിൽ എത്രയും വേഗം ബസ് വെയ്റ്റിംഗ് ഷെഡും കംഫർട്ട് സ്റ്റേഷനും നിർമ്മിക്കാനാണ് നടപടികൾ സ്വീകരിക്കേണ്ടത്. ഷോപ്പിംഗ് സെന്ററിന്റെ ഭൂമി 28സെന്റ് ആണ്. ബസ് സ്റ്റാൻഡിനാണെങ്കിൽ പൊലീസ് സ്റ്റേഷന്റെ സ്ഥലം കൂടി എറ്റെടുത്ത് നിർമ്മാണം നടത്തണം.
നൗഫൽ തടത്തിൽ, നഗരസഭ പ്രതിപക്ഷ നേതാവ്
5 കോടിയാണ് കെട്ടിട നിർമ്മാണത്തിന് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. പക്ഷേ, പദ്ധതി കടലാസിൽ മാത്രമാണുള്ളത്.