മലപ്പുറം: പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ താഴേത്തട്ടിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർമാരിൽ പിടിമുറുക്കുന്നു. പി.എച്ച്.സി മുതൽ ബ്ലോക്ക് തലം വരെയുള്ള മെഡിക്കൽ ഓഫീസർമാരുടെ ഒരുമാസത്തെ പ്രവർത്തന റിപ്പോർട്ടും അഡ്വാൻസ് ടൂർപ്രോഗ്രാമും പദ്ധതികളും മുൻകൂട്ടി സമർപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വി. മീനാക്ഷിയുടെ ഉത്തരവിലുള്ളത്. എല്ലാ മാസവും മൂന്നാമത്തെ പ്രവൃത്തി ദിനത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഹെൽത്ത് ബ്ലോക്കുകളിലെ മെഡിക്കൽ ഓഫീസർമാർ തങ്ങൾക്ക് കീഴിലെ മിനി പി.എച്ച്.സികളിലെ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവരുടെ പ്രവർത്തന റിപ്പോർട്ടുകളും തുടർപദ്ധതികളും പരിശോധിച്ച് ഹെൽത്ത് ബ്ലോക്കിന്റെ ചുമതലയുള്ള ജില്ലാ ഓഫീസർമാർക്ക് സമർപ്പിക്കണം. ഇത് ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കൈമാറും. ജില്ലയിൽ 15 ഹെൽത്ത് ബ്ലോക്കുകളിലും ഇതിനായി ജില്ലാ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ
ജോലിയല്ല
ഒ.പിയിൽ വന്ന രോഗികളുടെ സ്ക്രീനിംഗ് റിപ്പോർട്ട്, സബ് സെന്റർ തലത്തിൽ വാർഡുകളിൽ നടക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, അവലോകനം എന്നിവ മെഡിക്കൽ ഓഫീസർമാരുടെ ചുമതലയാണെങ്കിലും പലയിടങ്ങളിലും ഇതൊന്നും യഥാവിധി ചെയ്യാതെ ഉച്ചയ്ക്ക് ഒ.പി തീരുന്ന മുറയ്ക്ക് ഡോക്ടർമാർ ആശുപത്രി വിടുന്നതായി ആരോപണമുണ്ട്. ഈ ജോലികൾ പലപ്പോഴും താഴെത്തട്ടിലുള്ള ജീവനക്കാർ ചെയ്യേണ്ട അവസ്ഥയാണ്.
മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്തുകളിലെ ഹെൽത്ത് ഓഫീസർമാരാണെങ്കിലും ഇതു സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ പലപ്പോഴും മെഡിക്കൽ ഓഫീസർമാർ നിർവഹിക്കാറില്ലെന്ന പരാതി തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർക്കുണ്ട്. ഉച്ചയ്ക്ക് ശേഷം യോഗങ്ങൾ നിശ്ചയിച്ചാൽ ഡ്യൂട്ടി സമയം അവസാനിച്ചെന്ന വാദവുമായി യോഗത്തിൽ പങ്കെടുക്കാറില്ല.