നിലമ്പൂർ: കാലവർഷം തുടങ്ങി ഒരു മാസത്തോളം പിന്നിടുമ്പോഴും മലയോരമേഖലയിൽ ലഭിച്ച മഴയുടെ അളവിൽ ഭീമമായ കുറവ്. കഴിഞ്ഞ ജൂൺ മാസം മേഖലയിൽ 1061 മില്ലിമീറ്റർ മഴ ലഭിച്ചെങ്കിൽ ഈ വർഷം ജൂണിൽ ഇതുവരെ ലഭിച്ചത് 278.4 മില്ലിമീറ്റർ മഴ മാത്രമാണ്. നിലമ്പൂർ വനഗവേഷണ ഉപകേന്ദ്രത്തിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയ കണക്കാണിത്.ദിവസങ്ങളായി മേഖലയിൽ ലഭിക്കുന്ന മഴയുടെ അളവ് വളരെ കുറവാണ്. മഴമേഘങ്ങളുടെ സാന്നിദ്ധ്യം തന്നെ ഇല്ലാത്ത ആകാശമാണ് പല ദിവസങ്ങളിലും കാണാനായത്. മൺസൂൺ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ശക്തി പ്രാപിക്കാറാണ് പതിവ്. ഇക്കുറി അതുണ്ടായില്ല
ഇപ്പോഴും ചൂട്
ഇക്കുറി കനത്ത മഴ പെയ്യേണ്ട സമയത്തുപോലും വലിയ ചൂടാണ് മേഖലയിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ ഏഴ് മുതൽ 14വരെ തീയതികളിൽ ലഭിച്ച മഴയുടെ 25 ശതമാനം മഴപോലും ഇക്കൊല്ലം അതേ ദിവസങ്ങളിൽ ലഭിക്കാത്തതാണ് തിരിച്ചടിയായത്.
എന്നാൽ 18 മുതൽ 24 വരെ തീയതികളിൽ കഴിഞ്ഞ വർഷത്തേക്കാൾ മഴ ലഭിച്ചതായി കാണുന്നുണ്ടെങ്കിലും ആകെ ലഭിച്ച മഴയിൽ വൻ കുറവാണുള്ളത്.
1145
മില്ലിമീറ്റർ മഴയാണ്
കഴിഞ്ഞ വർഷം ജൂലായ് മാസം ലഭിച്ചത്
1325.4
മില്ലീമീറ്റർ മഴയാണ് പ്രളയകാലമായ കഴിഞ്ഞ ആഗസ്റ്റിൽ ലഭിച്ചത്.