മലപ്പുറം: സമൂഹവിവാഹ കാഴ്ച്ചകൾക്കിടയിൽ വേറിട്ടൊരു വിവാഹവേദിക്കാണ് ഈമാസം 30ന് വെട്ടിച്ചിറ കെ.സി. ഓഡിറ്റോറിയം സാക്ഷിയാവുക. യു.എ.ഇയിൽ അദ്ധ്യാപകനും വെട്ടിച്ചിറ സ്വദേശിയുമായ പൂളക്കോട്ട് ഉമ്മർഭായിയുടെ രണ്ടാമത്തെ മകൾ പുണ്യയുടെ വിവാഹവേദിയിൽ നിർധനരായ ഒമ്പത് യുവതികൾ മംഗല്യവതികളാവും. അഞ്ച് പവൻ സ്വർണവും വസ്ത്രവും ബന്ധുക്കൾക്കുള്ള ഭക്ഷണവുമെല്ലാം ഉമ്മർഭായി ഒരുക്കും. ആദ്യം മൂന്നുപേരുടെ വിവാഹമാണ് ഉദ്ദേശിച്ചതെങ്കിൽ അർഹരെ കണ്ടെത്താൻ വാട്സ്ആപ്പിലൂടെ നടത്തിയ അന്വേഷണത്തിൽ സഹായമഭ്യർത്ഥിച്ചത് നിരവധിപേർ. വിവാഹപ്രായം കവിഞ്ഞവരും തീർത്തും നിർധനരുമായിരുന്നു മിക്കവരും. കൂടുതൽപേരുടെ വിവാഹത്തിന് സാമ്പത്തികം തടസമായതോടെ തനിക്കായി കരുതിയ ആഭരണങ്ങൾ നിർധന പെൺകുട്ടികൾക്ക് നൽകാമെന്ന നിർദ്ദേശം പിതാവിന് മുന്നിൽ പുണ്യ വച്ചതോടെ സുമംഗലിയാവുന്നവരുടെ എണ്ണം ഒമ്പതായി. നവവരൻ അബ്ദുൾകലാം ആസാദിനും പൂർണ്ണസമ്മതം. പച്ചക്കറി വിത്തോട് കൂടിയ വിവാഹക്ഷണക്കത്തിൽ മകൾക്കൊപ്പം ഒമ്പത് നവവധൂവരന്മാരെയും ഉൾപ്പെടുത്തി. 8,000 പേർക്കാണ് ക്ഷണം. രാവിലെ 10.30നുള്ള ശുഭമുഹൂർത്തത്തിൽ കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി കെ.പി. വിസ്മയ രാജിന്റെയും പുൽപ്പറ്റ തൃപ്പനച്ചിയിലെ പി.കെ. സിന്ധുവിന്റെയും വിവാഹവും തുടർന്ന് ഏഴ് നവദമ്പതികളുടെ നിക്കാഹും നടക്കും.
കഞ്ഞിയും ചക്കപ്പുഴുക്കും ചമ്മന്തിയുമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഭക്ഷണ വൈവിദ്ധ്യങ്ങൾക്കായി പണം ധൂർത്തടിക്കാതെ നിർധന യുവതികളുടെ മംഗല്യച്ചെലവിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്. സീസണാണെന്നതും തനത് ഭക്ഷണവുമെന്ന നിലയിലാണ് ചക്ക തിരഞ്ഞെടുത്തത്.
ഉമ്മർഭായിക്ക് പിന്തുണയുമായി ഭാര്യ സാബിറയും മറ്റ് മക്കളായ റഊഫ്, സിത്താര, റിച്ചൂസ് എന്നിവരും കൂടെയുണ്ട്.
തലേന്നും സ്പെഷ്യലുണ്ട്
വിവാഹദിനത്തിൽ ഒതുങ്ങുന്നില്ല ഉമ്മർഭായിയുടെ വേറിട്ട കാഴ്ച്പ്പാട്.
വിവാഹത്തലേന്ന് വൈകിട്ട് നാലുമുതൽ വിവാഹവേദിയിൽ ലഹരി വിരുദ്ധ ക്ലാസ് നടക്കും.
വിവാഹത്തലേന്നിനെ ലഹരിദിനമാക്കുന്ന പ്രവണതയ്ക്കെതിരെയാണിത്.
ഭക്ഷണ പദാർത്ഥങ്ങളിലെ മായവും പ്ലാസ്റ്റിക് നിരോധനവും സംബന്ധിച്ച ബോധവത്കരണ ക്ലാസുമുണ്ട്.
പത്ത് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും പഠനോപകരണ കിറ്റും നിർധനർക്കുള്ള ചികിത്സാ സഹായവും വിവാഹത്തോടനുബന്ധിച്ച് നൽകും.
ധനികനാവണമെന്നില്ല, വിവാഹ ധൂർത്ത് ഒഴിവാക്കിയാൽ മിക്കവർക്കും ഇതെല്ലാം ചെയ്യാനാവും
ഉമ്മർഭായി