മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്ന് സൗദി കിരീടാവകാശി ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.70 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കിയതിലൂടെ കേരളത്തിൽ നിന്ന് രണ്ടായിരത്തോളം പേർക്ക് കൂടി ഹജ്ജിന് അവസരമൊരുങ്ങും.
ഇത്തവണ ഹജ്ജ് ക്വോട്ടയ്‌ക്ക് പുറമേ 30,000 പേർക്ക് കൂടി സൗദി അവസരം നൽകിയിരുന്നു. അധികമായി അനുവദിച്ചത് കുറയ്‌ക്കാമെന്നിരിക്കെ, അത് ക്വോട്ടയാക്കിയിരിക്കയാണ്.
ഇത്തവണ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്ന് 13,472 പേർ ഹജ്ജിന് പോകും. മുൻവർഷങ്ങളിൽ 12,000ത്തോളം പേരായിരുന്നു. അപേക്ഷകർ കൂടുതലായതിനാൽ കേരളത്തിന്റെ ക്വോട്ട തികയാറില്ല. അപേക്ഷകർ കുറവുള്ള സംസ്ഥാനങ്ങളുടെ ക്വോട്ട കേരളത്തിനായി മാറ്റാറുണ്ട്.
ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ജൂലായ് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർവഹിക്കും.
ജൂലായ് 7ന് രാവിലെ 7.30ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും.
ജൂലായ് 20 വരെ 35 സർവീസുകളിലായി 10,800 തീർത്ഥാടകർ പുറപ്പെടും.
ജൂലായ് 14ന് ഉച്ചയ്ക്ക് രണ്ടിനാണ് കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം.
17 വരെ നാല് ദിവസങ്ങളിലായി എട്ട് സർവീസുകളുണ്ടാവും.
കരിപ്പൂരിൽ നിന്ന് സൗദി എയർലൈൻസും കൊച്ചിയിൽ നിന്ന് എയർഇന്ത്യയുമാണ് സർവീസ് നടത്തുക.
'ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്തിയത് ഏറെ സന്തോഷകരമാണ്. കേരളത്തിൽ നിന്ന് നിരവധി അപേക്ഷകരാണ് അവസരം ലഭിക്കാതെ നിരാശരാകുന്നത്. '
സി. മുഹമ്മദ് ഫൈസി,
-സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ