പെരിന്തൽമണ്ണ: മങ്കട ഗവ.ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ സർക്കാർ നടപടി. ടി.എ.അഹമ്മദ് കബീർ എം.എൽ.എ മന്ത്രി കെ.കെ.ശൈലജയ്ക്ക് സമർപ്പിച്ച അപേക്ഷയിലാണ് സർക്കാരിന്റെ ഇടപെടൽ.
വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി പ്രൈസ് സോഫ്റ്റ്വെയറിൽ സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാമെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മങ്കട ബ്ലോക്ക് അസിസ്റ്റന്റ് എൻജിനീയർ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി മാസ്റ്റർ പ്ലാൻ സംബന്ധിച്ച പ്രാഥമിക പരിശോധന നടത്തി. പരമാവധി ഭൂമി ഉപയോഗപ്രദമാക്കുന്ന രീതിയിൽ നിർമ്മാണ പ്രവൃത്തികൾ ഏകോപിപ്പിക്കും.മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ആർക്കിടെക്ടുമായി അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് പ്ലാനും എസ്റ്റിമേറ്റും സർക്കാരിലേക്ക് സമർപ്പിക്കും.
ടി.എ.അഹമ്മദ് കബീർ എം.എൽ.എ.ചെയർമാനും പി.കെ.കുഞ്ഞുമോൻ കൺവീനറും മെഡിക്കൽ ഓഫീസർ അബ്ദുള്ള മണിമ ട്രഷററുമായ വികസന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വിപുലമായ സൗകര്യങ്ങൾ
താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ ഉൾപ്പെടും വിധമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.
നൂറ്പേർക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം, 12 ഡോക്ടർമാർക്ക് ഇരിക്കാനാവുന്ന ഒ.പി. സൗകര്യം, അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്, എക്സ്റേ, തുടങ്ങി വിപുലമായ സൗകര്യങ്ങളൊരുങ്ങും.
സർക്കാർ ഫണ്ടിന് പുറമെ എം.എൽ.എ, എം.പി ഫണ്ടുകളും വിനിയോഗിക്കും. മങ്കടബ്ലോക്ക് പഞ്ചായത്ത് ഒരുകോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.
മറ്റു ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളിലെ പൊതുനന്മാ ഫണ്ടുകളും ലഭ്യമാക്കാനും ശ്രമിക്കും.
5.5 കോടി രൂപയാണ് ആദ്യഘട്ട നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.