പെരിന്തൽമണ്ണ: തിരുവാതിര ഞാറ്റുവേല പകുതി പിന്നിടുമ്പോഴും തോടുകളിലും പുഴകളിലുംകാര്യമായ തോതിൽ വെള്ളമില്ലാത്തതിൽ ആശങ്കയിലാണ് ജനം. ചെറുപുഴയിലും മറ്റും പരന്നൊഴുകാൻ പോലുമുള്ള വെള്ളമില്ല. തടയണകളിലും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ വർഷം ജൂൺ പകുതിയോടെ തന്നെ പ്രദേശത്തെ തോടുകൾ നിറഞ്ഞൊഴുകിയിരുന്നു. മഴ കുറവായതു കാരണം ഇത്തവണ പുഴകളിലും തോടുകളിലും കാര്യമായി ഒഴുക്ക് കൂടിയിട്ടില്ല. നല്ല തോതിൽ മഴ കിട്ടിയില്ലെങ്കിലുള്ള അവസ്ഥ കർഷകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളിലും വലിയ ആശങ്കയുണ്ട്. കർക്കടകത്തിലെ മഴയിലാണ് ജനങ്ങളുടെ പ്രതീക്ഷയത്രയും. നിലവിലെ മഴക്കുറവ് പരിഹരിക്കും വിധം കർക്കടകത്തിൽ മഴ ലഭിച്ചില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന പരിഭ്രാന്തി നിലനിൽക്കുന്നുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മഴക്കുറവ് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ശരിക്കും വലയും
മഴ പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർ ദുരിതത്തിലാണ്. നെൽകർഷർഷക്ക് വിത്തിറക്കാനായിട്ടില്ല. ആദ്യത്തെ മഴ കണ്ട് പൊടിവിത വിതച്ചവർ ഉണക്കുഭീഷണി നേരിടുകയാണ്. കളശല്യവും കൂടും. തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ കർഷകർക്ക് മഴയില്ലാത്തത് വലിയ ഭീഷണിയാണ്.
അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പലരും ടാങ്കർ വെള്ളത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. കിണറുകളിലും വെള്ളം കുറവാണ്.
ചെറുപുഴയിലെ കൈയേറ്റങ്ങളും പുഴയുടെ ഒഴുക്കിനെയും ജലസംഭരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.