പെരിന്തൽമണ്ണ: ചോർച്ചയെ തുടർന്ന് അടച്ചിട്ട പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയ്യേറ്ററിന്റെ അറ്റകുറ്റപ്പണി നീളുന്നത് രോഗികൾക്ക് കടുത്ത ദുരിതമാകുന്നു. മഴവെള്ളം ശസ്ത്രക്രിയാ മുറിക്കുള്ളിൽ എത്തുന്നതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് ഇതു അടച്ചിട്ടത്. ഇതോടെ ശസ്ത്രക്രിയക്കായി മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളേയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. മാസത്തിൽ ഇരുപതോളം പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയിലാണ് രണ്ടാഴ്ച്ചയായി ഓപ്പറേഷൻ തിയ്യേറ്റർ അടച്ചിട്ടിരിക്കുന്നത്. അഞ്ച് ഗൈനക്കോളജസിറ്റുകളും അസ്ഥിരോഗ വിഭാഗത്തിൽ നാലും ജനറലിൽ രണ്ടും സർജ്ജന്മാരും ഇവിടെയുണ്ട്. മൂന്ന് അനസ്തറ്റിസ്റ്റുകളുമുണ്ട്.
എല്ലാം ഇഴഞ്ഞിഴഞ്ഞ്
ആശുപത്രി സുപ്രണ്ടിന്റെ അഭ്യാർത്ഥനയെ തുടർന്ന് പൊതുമരാമത്ത് വിഭാഗം ഓപ്പറേഷൻ തിയ്യേറ്റർ പരിശോധിച്ചെങ്കിലും ജില്ലാ പഞ്ചായത്തിനെ സമീപിക്കാൻ പറയുകയായിരുന്നു.
ജില്ലാ പഞ്ചായത്തിൽ എഞ്ചിനീയറില്ലാത്തതിനാൽ നടപടി ഇഴഞ്ഞു നീങ്ങി. ഇക്കാര്യം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയതോടെ മറ്റൊരു എഞ്ചിനീയറെ ഏർപ്പാടാക്കിയാണ് പരിശോധിച്ചത്.
നടപടികൾക്ക് വേഗം പോരാത്തതാണ് രോഗികൾക്ക് തിരിച്ചടിയാവുന്നത്. മാതൃ-ശിശു
ബ്ലോക്കിൽ ഓപ്പറേഷൻ തിയ്യേറ്ററുകളുണ്ടെങ്കിലും ഇതുപയോഗപ്പെടുത്തുന്നില്ല.
'അറ്റകുറ്റപ്പണികൾക്ക് നടപടികൾ തുടങ്ങിയിട്ടുണ്ട്. മറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്.'
ആശുപത്രി അധികൃതർ
14
ദിവസമായി അടച്ചിട്ടിട്ട്
20
മാസം പ്രസവ ശസ്ത്രക്രിയകൾ