തിരൂരങ്ങാടി: പരപ്പനങ്ങാടി - തിരൂരങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പാലത്തിങ്ങലിൽ പുതുതായി നിർമ്മിക്കുന്ന വീതിയോട് കൂടിയ പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മഴക്കാരണം പുഴയിൽ കുറഞ്ഞ തോതിൽ വെള്ളം എത്തിയെങ്കിലും പ്രവർത്തി മുടങ്ങാതെ നടക്കുകയാണ്. 2017നവംബർ 26നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിലാസ്ഥാപനം നിർവ്വഹിച്ചതെങ്കിലും 2018 ഏപ്രിലിലാണ് പാലത്തിന്റെ പൈലിംങ് പ്രവർത്തികൾ പ്രാരഭമായത്.
അര നൂറ്റാണ്ടുകൾക്ക് മുമ്പ് മരപ്പാലമുണ്ടായിരുന്ന ഭാഗത്താണ് ഇപ്പോൾ പുതിയ പാലം നിർമ്മാണം. ഇതുവഴി നാവിഗേഷൻ റൂട്ടുള്ളതിനാൽ നടുഭാഗം ഉയർത്തി ആർച്ച് രൂപത്തിലാണ് പാലം നിർമ്മിക്കുന്നത്. പുതിയ പാലത്തിന് 12 മീറ്റർ വീതിയും 100.40 മീറ്റർ നീളവുമുണ്ട് . നാല് തൂണുകളിലായി മൂന്ന് സ്പാനോട് കൂടിയതാണ് പുതിയ പാലം. നടുവിലെ ആർച്ച് രൂപതത്തിയുള്ള സ്പാനിന് 50 മീറ്ററും, ഇരുകരക്കടുത്തുള്ള സ്പാനുകൾക്ക് 25.2 മീറ്റർ നീളവുമാണ്. തൃക്കുളം പള്ളിപ്പടിയിലെ പമ്പ് ഹൗസ് പരിസരത്ത് നിന്ന് തുടങ്ങി പാലത്തിങ്ങൽ അങ്ങാടിയിലെ മത്സ്യവിപണനകേന്ദ്രത്തിന് മുന്നിലെത്തുന്ന രൂപത്തിലാണ് പാലത്തിന്റെ പ്രവൃത്തി ഇപ്പോൾ പുരോഗമിക്കുന്നത്.