നിലമ്പൂർ: നീറ്റിൽ ഒന്നാംറാങ്ക് തിളക്കത്തിലും ദിവ്യയുടെ വേദനയായ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൈതാങ്ങുമായി നിലമ്പൂർ സഹകരണ അർബൻ ബാങ്ക്. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് സംസ്ഥാന റാങ്ക് പട്ടികയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കുകാരി കുറുംബലങ്ങോട് കണയംകൈ ആദിവാസി കോളനിയിലെ ദിവ്യക്കും കുടുംബത്തിനും വീടുനിർമ്മിക്കാൻ രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്ന് നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പഠനസഹായത്തിനായി അരലക്ഷം രൂപയും നൽകും. ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനം നേരാനായി കോളനിയിലെ വീട്ടിലെത്തിയതായിരുന്നു ഷൗക്കത്ത്. ഇല്ലായ്മകളുടെ ദുരിതക്കയത്തിൽ നിന്നാണ് ദിവ്യ ഡോക്ടർ സ്വപ്നം കൈയ്യെത്തിപ്പിടിച്ചത്. എം.ബി.ബി.എസ് പഠനം ഉറപ്പിച്ചപ്പോഴും തലചായ്ക്കാൻ സ്വന്തമായൊരു വീട്ടില്ലാത്തതായിരുന്നു ദുഖം. പിതൃസഹോദരന്റെ വീട്ടിലാണ് ദിവ്യയും കുടുംബവും കഴിയുന്നത്. പ്രമേഹം മൂർഛിച്ച് കാഴ്ച നഷ്ടപ്പെട്ട പിതാവ് പരമേശ്വരൻ കഴിഞ്ഞ വർഷം മരണപ്പെട്ടതോടെ ദിവ്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം മാതാവ് ലീലയുടെ ചുമലിലായിരുന്നു. കൂലിവേല ചെയ്താണ് ലീല മക്കളെ പഠിപ്പിച്ചത്. ചുങ്കത്തറ പഞ്ചായത്തിലെ ഭൂരഹിത, ഭവനരഹിതരുടെ പട്ടികയിൽ ലീലയുടെ കുടുംബമുണ്ട്. റാങ്ക് നേട്ടത്തിൽ അഭിനന്ദനം നേരാൻ ആര്യാടൻ ഷൗക്കത്ത് വിളിച്ചപ്പോഴും വീടില്ലാത്ത വേദനയാണ് ദിവ്യ പങ്കുവെച്ചത്. നേരിട്ടെത്തി വീടിനും പഠനസഹായത്തിനുമായി രണ്ടര ലക്ഷം രൂപ അനുവദിക്കുന്നതായറിയച്ചപ്പോൾ ദിവ്യയുടെ കുടുംബത്തിൽ ഇരട്ടി സന്തോഷമാണ് നിറഞ്ഞത്. പട്ടികവർഗ വിഭാഗത്തിൽ അഖിലേന്ത്യാതലത്തിൽ 778ാം റാങ്കും സംസ്ഥാന പൊതുവിഭാഗത്തിൽ 9,994 റാങ്കുമാണ് ദിവ്യക്കുള്ളത്. കഴിഞ്ഞ വർഷം സ്വയം പഠിച്ച് 14,000 റാങ്ക് നേടിയിരുന്നു. അന്ന് മകൾ ഇനിയും പഠിച്ച് ഡോക്ടറാകണമെന്ന സ്വപ്നമാണ് പിതാവ് പരമേശ്വരൻ പങ്കുവെച്ചത്. ഇന്ന് ഒന്നാം റാങ്കുമായി പിതാവിന്റെ സ്വപ്നം നിറവേറ്റിയ സന്തോഷം കാണാൻ അച്ഛൻ ഇല്ലാത്ത ദുഖംമാത്രമാണ് ദിവ്യക്കുള്ളത്. സഹോദരങ്ങളായ നിഷ എസ്.ടി ഹെൽത്ത് പ്രമോട്ടറും ദീപ മലപ്പുറം ഗവൺമെന്റ് കോളജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയുമാണ്. ചിത്ര എട്ടാം ക്ലാസിലും ഏക സഹോദരൻ വിമൽ എസ്.എസ്.എൽ.സി കഴിഞ്ഞ് ഐ.ടി.ഐ പഠനത്തിനൊരുങ്ങുകയാണ്. ആര്യാടൻ ഷൗക്കത്തിനൊപ്പം പഞ്ചായത്തംഗം മാവുങ്ങൽ ബാപ്പു, ആലങ്ങത്തിൽ കുഞ്ഞുട്ടി, ഉലുവാൻ ഹുസൈൻ, ഷാഫി, എം. അബൂബക്കർ, നൗഷാദ് എന്നിവരും ഉണ്ടായിരുന്നു.
നീറ്റ് സംസ്ഥാന റാങ്ക് പട്ടികയിൽ പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്കുകാരി കുറുംബലങ്ങോട് കണയംകൈ കോളനിയിലെ ദിവ്യക്ക് അഭിനന്ദനമറിയിക്കുന്ന നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്.