പെരിന്തൽമണ്ണ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മങ്കട മണ്ഡലത്തിൽ നടപ്പാക്കുന്നത് ഒന്നരക്കോടി രൂപയുടെ വിവിധ പദ്ധതികളെന്ന് ടി.എ. അഹമ്മദ് കബീർ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മറുപടി. മങ്കട പഞ്ചായത്തിലെ വെളുത്തേടത്ത് അയ്യപ്പൻ കുളത്തിന്റെ പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതിയായി. പുഴക്കാട്ടിരി പഞ്ചായത്തിലെ എകോരിക്കുളം പുനരുദ്ധാരണത്തിന് 49 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പരിശോധിക്കുകയാണ്.
മൂതിക്കയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് പ്രളയത്തിൽ കേടുപാട് വന്നത് പരിഹരിക്കാൻ 1.40 ലക്ഷവും കൂട്ടിലങ്ങാടി വി.സി.ബിയുടെ വാർഷിക അറ്റകുറ്റപ്പണിക്ക് 1.42 ലക്ഷവും ചെറുപുഴയുടെ പാർശ്വസംരക്ഷണത്തിന് 25 ലക്ഷവും പുഴക്കാട്ടിരിയിലെ കടുങ്ങൽകുണ്ട് നടപ്പാലത്തിന് സമീപം ചെറുപുഴയുടെ കരസംരക്ഷണത്തിന് 25 ലക്ഷവും പുഴക്കാട്ടിരിയിൽ വെളിയമ്പുറത്ത് ചെക്ക് ഡാമിന് സമീപം ഇടതുകര സംരക്ഷണത്തിന് 19 ലക്ഷവും കടുങ്ങൂത്ത് ആനപ്പടി ചെക്ക്ഡാമിന് സമീപം വലതുകര സംരക്ഷണത്തിന് 25 ലക്ഷവും അനുവദിച്ചതായും മന്ത്രി മറുപടി നൽകി.