മലപ്പുറം: മലപ്പുറം ഗവ. കോളേജ് എൻ.എസ്.എസ് യൂനിറ്റ് നടപ്പാക്കി വരുന്ന ത്രൈമാസ പരിസ്ഥി ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി കോളേജ് കാമ്പസിൽ വിദ്യാർത്ഥികൾ ഔഷധ സസ്യ ഉദ്യാനത്തിന് തൈകൾ നട്ടു. കുടകപ്പാല, ചിറ്റമൃത്, കിരിയാത്ത, മിൻറ്റ് തുളസി, ജാവ തിപ്പലി, ബ്രഹ്മി, ശതാവരി, കുടംപുളി, കരുന്നെച്ചി, ആടലോടകം, കാട്ടപ്പ, കൂവളം, ദന്തപ്പാല, അത്തി, രാമച്ചം, ചിറ്റരത്ത, കുമിഴ്, കറിവേപ്പില, അശോകം, അരയാൽ, തിപ്പലി തുടങ്ങി 35 ഔഷധ സസ്യങ്ങളാണ് വിദ്യാർത്ഥികൾ നട്ടുവളർത്തുന്നത്. പ്രിൻസിപ്പൽ ഡോ.അലവി ബിൻ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ, പ്രൊഫ. ഹസനത്ത് സംസാരിച്ചു . വളണ്ടിയർ സെക്രട്ടറി അംന, റുഫാദ, അസ്മ നിഷാന നേതൃത്വം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി തുണി സഞ്ചികളുടെ വിതരണം, പരിസര വീടുകളിൽ അടുക്കള പച്ചക്കറിത്തോട്ട നിർമ്മാണം, ഫല വൃക്ഷത്തൈ നടൽ, പരിസ്ഥിതി ബോധവൽക്കരണ തെരുവ് നാടകങ്ങളും നടത്തുന്നുണ്ട്.