പാലക്കാട്: ഇടവപ്പാതിയായിട്ടും പേരിനൊരല്പം മഴ വന്നതൊഴിച്ചാൽ ഈ വേനലും വരൾച്ചയുടേതായിരുന്നു. സംസ്ഥാനത്താകെ ഇത്തവണ വേനൽമഴയിൽ 55 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ഇന്ത്യൻ മെട്രോളജിക്കൽ സെന്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിലാകട്ടെ ലഭിക്കേണ്ടതിന്റെ പകുതി മാത്രമേ കിട്ടിയുള്ളു. മദ്ധ്യ കേരളത്തെയും വടക്കൻ കേരളത്തെയുമാണ് വേനൽ മഴ പാടെ ചതിച്ചത്. പക്ഷേ, പ്രളയം തകർത്തെറിഞ്ഞ വയനാട്ടിൽ കൂടുതൽ മഴ ലഭിച്ചുവെന്നതും ശ്രദ്ധേയമായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളാണ്.
2019 മാർച്ച് ഒന്നു മുതൽ മെയ് 29 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്താകെ ലഭിക്കേണ്ട വേനൽമഴ 358.6 മില്ലീമീറ്ററാണെങ്കിൽ വെറും കിട്ടിയത് 161.9 മില്ലീമീറ്റർ മാത്രം. പാലക്കാട് 47 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ പാലക്കാടിന് ലഭിക്കേണ്ടത് 268.4 മില്ലീമീറ്റർ മഴയാണെങ്കിൽ ഏപ്രിൽ മെയ് മാസങ്ങളിലായി ഇതുവരെ ലഭിച്ചത് 142.2 മില്ലീമീറ്റർ മാത്രമാണ്.
ഇതോടെ ജില്ലയിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഇടവപ്പാതി ആരംഭിക്കേണ്ട സമയമായിട്ടും മഴമാറി നിൽക്കുന്നതിനാൽ ജില്ലയിൽ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. 39 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. പകൽ നല്ല ചൂടും വൈകുന്നേരങ്ങളിൽ ആകാശം കാർമേഘങ്ങളെക്കൊണ്ട് നിറയുകയും ചെയ്യുമെങ്കിലും മഴ പെയ്യാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
വേനൽമഴക്ക് ശേഷം പാടങ്ങൾ ഉഴുതുമറിച്ച് ഞാറ്റടി തയ്യാറാക്കിയ കർഷകർ ആശങ്കയിലാണ്. പ്രളയത്തിന് ശേഷം പൊതുവേ ജില്ലയിലെ കാർഷികമേഖലയിൽ ഉണർവ് പ്രകടമായിരുന്നു. പക്ഷേ, കാലവർഷം കനിഞ്ഞില്ലെങ്കിൽ ഇത്തവണ കർഷകർ പ്രതിസന്ധിയിലാകും.
ജില്ല - ലഭിക്കേണ്ട മഴ (മില്ലീമീറ്റർ) - ലഭിച്ച മഴ (മില്ലീമീറ്റർ)- കുറവ് (ശതമാനത്തിൽ)
.തിരുവനന്തപുരം- 352- 164.5- 53% (കുറവ്)
.കൊല്ലം- 450.9- 167.6- 63% (വളരെ കുറവ്)
.പത്തനംതിട്ട- 530- 439.1- 17% (കുറവ്)
.ആലപ്പുഴ- 451.7- 102.8- 77% (വളരെ കുറവ്)
.കോട്ടയം- 430.9- 142.7- 67% (വളരെ കുറവ്)
.ഇടുക്കി- 407- 167.9- 59% (കുറവ്)
.എറണാകുളം- 414.1- 183.1- 56% (കുറവ്)
.തൃശ്ശൂർ- 361.8- 151.8- 58% (കുറവ്)
.പാലക്കാട്- 268.4- 142.2- 47% (കുറവ്)
.മലപ്പുറം- 302.9- 110.6- 63% (വളരെ കുറവ്)
.കോഴിക്കോട്- 323.8- 87.4- 73% (വളരെ കുറവ്)
.വയനാട്- 259.4- 264.3- 2% (കൂടുതൽ)
.കണ്ണൂർ- 276.2- 72.9- 74% (വളരെ കുറവ്)
.കാസർകോട്- 252- 64- 75% (വളരെ കുറവ്)