പാലക്കാട്: പുകയില - ലഹരി ഉപയോഗങ്ങൾ യുവതലമുറ നേരിടുന്ന വലിയ ഭീഷണിയാണെന്ന് പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.രാജാസിംഗ് പറഞ്ഞു. കേരള കൗമുദിയും പാലക്കാട് എക്‌സൈസ് വകുപ്പും ചേർന്ന് അഹല്യ കാമ്പസിൽ നടത്തിയ പുകയില വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാധുനിക ലഹരി വസ്തുക്കളാണ് ഇന്ന് യുവതലമുറയെ പിടികൂടിയിരിക്കുന്നത്. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ട് പാഴായിപോയ ഒട്ടേറെ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒൗദ്യോഗിക ജീവിതത്തിലെ ചില നേരനുഭവങ്ങളും സദസുമായി പങ്കുവച്ചു. ലഹരി-പുകയില ഉപയോഗം തങ്ങളുടെ വിഷയമല്ലെന്ന് യുവതികളും വിദ്യാർത്ഥികളും കരുതുന്നത് ശരിയല്ല. അവരുടെ സഹോദരങ്ങളോ സുഹൃത്തുക്കളോ അല്ലെങ്കിൽ സമൂഹത്തിലെ ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തിരുത്താൻ ശ്രമിക്കണം. സമൂഹം ഒന്നടങ്കം ഒത്തൊരുമിച്ച് പ്രവർത്തിച്ചാലേ ലഹരിക്കെതിരെയുള്ള മുന്നേറ്റം ശക്തമാകുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് രാവിലെ 8.30ന് നഗരത്തിൽ പുകയില വിരുദ്ധ സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. വിക്ടോറിയ കോളേജ് പരിസരത്തു നിന്ന് ആരംഭിച്ച റാലി പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ
വി.രാജാസിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു.