പാലക്കാട്: വിരമിക്കുന്ന ദിവസവും സേവന സന്നദ്ധനായി പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.രാജാസിംഗ്. 21 വർഷത്തെ സേവനത്തിനു ശേഷം എക്‌സൈസ് വകുപ്പിൽ നിന്നും വിരമിക്കുന്ന ദിവസമായ ഇന്നലെ കേരള കൗമുദിയുടെ പുകയില വിരുദ്ധ സെമിനാറിൽ അദ്ദേഹം ആദ്യാവസാനം വരെ പങ്കാളിയായി. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ കേരള കൗമുദി നടത്തിയ വിവിധ സെമിനാറുകളിൽ അദ്ദേഹം പങ്കെടുക്കുകയും ക്ലാസ് നയിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 25ഓളം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

വിരമിക്കുന്ന ദിവസവും കേരള കൗമുദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ താത്പര്യമുണ്ടെന്നും രാജാസിംഗ് പറഞ്ഞു. വിരമിക്കുന്ന അദ്ദേഹത്തിന് സെമിനാറിൽ വച്ച് കേരള കൗമുദിക്കുവേണ്ടി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. അഹല്യ മാനേജ്‌മെന്റിനുവേണ്ടി മാർക്കറ്റിംഗ് ഹെഡ് അനിൽ കുമാർ ഉപഹാരവും നൽകി.