കൊച്ചി: പ്രണയം നടിച്ച് യുവതിയുടെ സ്വർണാഭരണങ്ങളും പണവുമായി മുങ്ങിയ പാലക്കാട് കഞ്ചിക്കോട് സ്വദേശി പ്രവീൺകുമാറിനെ (23) നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ എറണാകുളം അയ്യപ്പൻകാവിന് സമീപം ബർഗർ ഷോപ്പിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം.

സ്ഥിരമായി ഷോപ്പിലെത്തിയിരുന്ന യുവതിയുമായി പരിചയത്തിലായതോടെ വീട്ടിലെ ദുരിതങ്ങൾ പ്രവീൺകുമാർ വിവരിച്ചു.കടങ്ങൾ വീട്ടാൻ പണമാവശ്യപ്പെട്ടതോടെ യുവതി നൽകി. പല തവണയായി മൂന്നര പവന്റെ സ്വർണവളകൾ കൈക്കലാക്കി. പാലക്കാട്ടുള്ള കുടുംബസ്വത്ത് വിറ്റ് പണം നൽകാമെന്നും അറിയിച്ചു. പലതവണ പണവും ആഭരങ്ങളും തിരികെ ചോദിച്ചെങ്കിലും പല കാരണങ്ങൾ നിരത്തി നൽകിയില്ല. ഇതിനിടയിൽ ഷോപ്പിൽ നിന്ന് പ്രവീൺ മുങ്ങുകയും ചെയ്‌തു. തുടർന്ന് യുവതി നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തന്ത്രപരമായി വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് ചെയ്തത്. ആഭരണങ്ങൾ ഇയാൾ പണയം വച്ചു. പ്രതിയെ റിമാൻഡ് ചെയ്‌തു. നോർത്ത് സി.ഐ. റോജ്, എസ്.ഐമാരായ അനസ്, ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.