കൊല്ലങ്കോട്: മുതലമട മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ഒറ്റയാൻ ഇറങ്ങി വേലൻകാട്ടിൽ പി.വാസുദേവന്റെ നൂറ് വാഴയും മൂന്ന് തെങ്ങും, സഹോദരൻ പി.ചെന്താമരാക്ഷന്റെ 60 വാഴയും നശിപ്പിച്ചിരുന്നു. ചക്കയുടെ ഗന്ധമാണ് കാട്ടാനകളെ ആകർഷിക്കുന്നത്, ഇതിനാൽ പ്രദേശത്തെ തോട്ടങ്ങളിൽ നിന്ന് കർഷകർ ചക്കകളെല്ലാം പറിച്ച് കുഴിച്ചു മൂടുകയാണ്. കാട്ടാനകളെ തുരത്താൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കുപാറയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. മലയോര മേഖലയിലെ ഫെൻസിംഗ് തകർന്നതാണ് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും ഇറങ്ങാൻ കാരണം. അടിയന്തരമായി ഇത് പുനസ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.