പാലക്കാട്: വി.കെ.ശ്രീകണഠൻ പാലക്കാട് നിന്ന് ജയിച്ച് ലോകസഭയിലേക്ക് എത്തിയതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി കോൺഗ്രസിൽ വടംവലി ആരംഭിച്ചു. എ - ഐ ഗ്രൂപ്പുകൾ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി ഇത്തവണയും കച്ചകെട്ടി രംഗത്തുണ്ട്. പക്ഷേ, ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയെ പ്രസിഡന്റാക്കണം എന്നാണ് അണികളുടെ അഭിപ്രായം. ഈ ആവശ്യം നേതൃത്വം കാര്യമായി പരിഗണിച്ചാൽ എ.വി.ഗോപിനാഥന് വീണ്ടും അവസരം ലഭിച്ചേക്കും.
ഡി.സി.സി പ്രസിഡന്റായി രണ്ടരവർഷം പിന്നിടുന്ന വി.കെ.ശ്രീകണ്ഠൻ ലോകസഭ തിരെഞ്ഞടുപ്പിൽ അത്ഭുത വിജയം നേടിയതോടെ മറ്റൊരാൾക്ക് പാർട്ടി ചുമതല നൽകേണ്ടി വരും. പ്രസിഡന്റ് സ്ഥാനം നിലവിൽ ഐ ഗ്രൂപ്പിന്റേതാണ്. ലോകസഭ സീറ്റും അവർക്കുതന്നെ നൽകിയതിനാൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തിൽ കണ്ണുംനട്ട് കാത്തിരിക്കുകയാണ് എ ഗ്രൂപ്പ്. ഇതിനായുള്ള വിലപേശലും അണിയറയിൽ നടക്കുന്നുണ്ട്.
2009 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സതീശൻ പാച്ചേനി സി.പി.എമ്മിലെ പുതുമുഖമായ യുവനേതാവ് എം.ബി.രാജേഷിനോട് നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന എ.വി.ഗോപിനാഥനെതിരെ അന്നുതന്നെ ഒരുവിഭാഗം ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇതോടെ കാലാവധി പൂർത്തിയാകാതെ അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു. ഇത്തവണ ആലത്തൂർ ലോകസഭ സീറ്റിൽ ചരിത്ര ഭൂരിപക്ഷത്തോടെ രമ്യഹരിദാസ് അട്ടിമറി വിജയം നേടിയതിന് പിന്നിൽ എ.വി.ഗോപിനാഥന്റെ കരങ്ങളുണ്ട്. നേതൃപാടവും പരിചയ സമ്പന്നത കൊണ്ടും ഇന്നത്തെ സഹാചര്യത്തിൽ പാർട്ടിയെ നയിക്കാൻ എ.വി.ഗോപിനാഥിന്റെ സാന്നിധ്യം ആവശ്യമാണെന്നാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവർ പറയുന്നത്. പാർട്ടി പറഞ്ഞാൽ ഏത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഗോപിനാഥും പ്രതികരിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.രാജേഷിന്റെ പേരാണ് മറ്റൊന്ന്. ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒന്നരമാസം മുമ്പ് നടത്തിയ ജയ് ഹോ പദയാത്രയിലും ഒപ്പം നിന്ന് സംഘടനയുടെ വളർച്ചയ്ക്കായി താഴെത്തട്ടിലുള്ളവരെ ഏകോപിപ്പിക്കാൻ സാധിച്ചുവെന്നത് രാജേഷിന് അനുകൂലമായ ഘടകമാണ്. എങ്കിലും അന്തിമ തീരുമാനം കെ.പി.സി.സി നേതൃത്വത്തിന്റേതായിരിക്കും.
തിരെഞ്ഞടുപ്പുകളിൽ വിജയിച്ചെങ്കിലും ജില്ലയിൽ കോൺഗ്രസിന്റെ സംഘടന സംവിധാനം പലയിടത്തും നിർജീവമാണ്. മുസ്ലീം ലീഗിന്റെ കരുത്തിലാണ് പാലക്കാടും ശ്രീകണ്ഠൻ വിജയിച്ച് കയറിയത്. ഇൗ സഹാചര്യത്തിൽ ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയെ പ്രസിഡന്റ് ആക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.