പാലക്കാട്: പാറക്കുളം ഫയൽ കാണാതായ സംഭവത്തിൽ വിജിലൻസ് കോടതിയെ സമീപിക്കാൻ നഗരസഭയോഗത്തിൽ തീരുമാനം. ഇതു സംബന്ധിച്ച ചർച്ചയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും നടന്നു. ബി.ജെ.പിയിലെ സ്മതേഷാണ് ഇതു സംബന്ധിച്ച വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്.

പാറക്കുളം നഗരത്തിന്റെ പ്രധാന വിഷയമാണെന്നും എന്നാൽ, അതിനെ തകർക്കുന്ന നിലപാടാണ് ഭൂമാഫിയകൾ സ്വീകരിച്ചു വരുന്നതെന്നും സ്മതേഷ് വ്യക്തമാക്കി. നിരവധി തവണ പാറക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നവേദനം നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സ്മതേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ 80 ദിവസമായി കലക്ടറുടെ മുന്നിൽ ഈ ഫയൽ കെട്ടികിടക്കുകയാണ്. കളക്ടറോട് ഇതു സംബന്ധിച്ചു ചോദിച്ചപ്പോൾ നാടിന്റെ വികസനത്തിനു തടസമാകുമെന്നാണ് പറയുന്നത്. കലക്ടറോട് പാറക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെടാൻ കൗൺസിൽ യോഗം ഒററക്കെട്ടായി തുനിയണമെന്നും സ്മതേഷ് വ്യക്തമാക്കി.

ഇതിനൊടുവിലാണ് പാറക്കുളം ഫയൽ കാണാതായ സംഭവത്തിൽ വിജിലൻസ് കോടതിയെ സമീപിക്കാൻ യോഗം തീരുമാനമെടുത്ത കാര്യം ചെയർപേഴ്‌സൺ പ്രമീള ശശിധരൻ കൗൺസിലിനെ അറിയിച്ചത്. കോടതിയിലുള്ള കേസാണ് പാറക്കുളംവിഷയമെന്ന് പറഞ്ഞ ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ എസ്.ആർ.ബാലസുബ്രഹ്മണ്യൻ അതിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ഇപ്പോൾ കഴിയില്ലെന്നും പറഞ്ഞു.

കഴിഞ്ഞ മാസം 17ാം തിയതി ട്രഞ്ചിംങ് ഗ്രൗണ്ടിൽ മുന്ന് സെക്യൂരിറ്റി ജീവനക്കാർ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാരേയും ജോലിയിൽ നിന്നും മാറ്റി നിർത്താനും യോഗം തീരുമാനിച്ചു