മണ്ണാർക്കാട്: റിട്ടയർമെന്റിന് ഒരുദിവസം മാത്രം ബാക്കി നിൽക്കേ പ്രധാനാദ്ധ്യാപകനായി സ്ഥാനക്കയറ്റം. മണ്ണാർക്കാട് ജി.എം.യു.പി സ്‌കൂളിലെ സൈമൺ മാഷിന്റെ 35 വർഷത്തെ അദ്ധ്യാപക ജീവിതത്തിന് ശുഭപര്യവസാനം.
നീണ്ട 15 വർഷക്കാലം മണ്ണാർക്കാട് ജി.എം.യു.പി സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന സൈമൺ മാഷിനെ അട്ടപ്പാടി കൂക്കംപാളയം സർക്കാർ യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായി നിയമിച്ചുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞദിവസമാണ് ലഭിച്ചത്. ഇന്നലെയാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.
പയ്യനാടം എ.യു.പി.എസിൽ അദ്ധ്യാപക ജീവിതത്തിന് തുടക്കം കുറിച്ച സൈമൺ പിന്നീട് മണ്ണാർക്കാട്ടെ ജി.എം.യു.പി സ്‌കൂളിലെത്തി. തുടർന്ന് സ്‌കൂളിന്റെ അക്കാഡമിക് - അടിസ്ഥാന സൗകര്യ വികസനങ്ങളിൽ വലിയ പങ്കുവഹിച്ചു. കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോൾ വാഹന സൗകര്യമൊരുക്കാനും പ്രീ പ്രൈമറി തുടങ്ങാനും മറ്റു ഭൗതിക സാഹചര്യങ്ങൾ ഒരുക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. പ്രളയകാലത്ത് സ്‌കൂളിൽ പുനരധിവസിക്കപ്പെട്ടവരെ സഹായിക്കാനും അദ്ദേഹം നേതൃത്യം നൽകിയിരുന്നു. മാഷിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌കൂളിലെ പച്ചക്കറി കൃഷിയും ഏറെ ശ്രദ്ദേയമായി. അത്യാവശ്യ ഘട്ടത്തിൽ സ്‌കൂൾ ബസ് ഡ്രൈവറായും ക്ലാസുകളിലെ ഫർണീച്ചർ കേടുവന്നാൽ ശരിയാക്കുന്ന ആശാരിയായും ഇടക്ക് സ്‌കൂളിലെ പാചകക്കാരനായും മാറുന്ന സൈമൺ മാസ്റ്ററെക്കുറിച്ച് പറയാൻ കുട്ടികൾക്കും നൂറ് നാവാണ്. സബ് ജില്ലയിലെ കലോത്സവ കായിക ശാസ്ത്ര പ്രദർശന മത്സരവേദികളിലും ശ്രദ്ദേയമായ ഉത്തരവാദിത്തങ്ങൾ സൈമൺ മാസ്റ്റർ നിർവ്വഹിച്ചിട്ടുണ്ട്.
സൗമ്യമായ പെരുമാറ്റത്തിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഹൃദയം കവർന്ന ഈ മാതൃകാ അദ്ധ്യാപകൻ മികച്ച സംഘാടകനും സംഘടനാ പ്രവർത്തകനുമായിരുന്നു. സബ് ജില്ലയിലെ മികച്ച അധ്യാപകർക്കായി എം.എൽ.എ ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള 2015-16 വർഷത്തെ അക്കാഡമിക് എക്‌സലൻസ് പുരസ്‌ക്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. സൈമൺ മാസ്റ്റർ ഔദ്യോഗിക ജീവിതം പൂർത്തിയാക്കുമ്പോൾ മണ്ണാർക്കാട് സബ് ജില്ലക്ക് നഷ്ടമാകുന്നത് പൊതുവിദ്യഭ്യാസം ജനകീയമാക്കാൻ ഏറെ പരിശ്രമിച്ച ഒരു അധ്യാപകനെയാണ്.